KeralaTop News

യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്

Spread the love

തിരുവനന്തപുരം പാളയത്തെ യൂണിവേഴ്‌സിറ്റി ബോയ്സ് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്. മുറിയിലെ താമസക്കാരുടെ വിവരങ്ങൾ തേടി ഹോസ്റ്റൽ വാര്‍ഡന് എക്‌സൈസ് ഇന്ന് കത്തയക്കും. യൂണിവേഴ്സിറ്റി കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയ തമിഴ്നാട് സ്വദേശിയുടേതാണ് കഞ്ചാവ് പിടികൂടിയ 455-ാം നമ്പർ മുറി. 20 ​ഗ്രാം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് കുറഞ്ഞ അളവിലുള്ളതായതിനാൽ ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കേരള യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. ഹോസ്റ്റലിലെ 15 മുറികളിലാണ് എക്‌സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പത്തരയോടെ എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. ഉച്ചവരെ പരിശോധ നീണ്ടു നിന്നു. 12.30ഓടെ പരിശോധന പൂര്‍ത്തിയാക്കി എക്സൈസ് സംഘം മടങ്ങി. ഹോസ്റ്റൽ മുറിയിൽ കഞ്ചാവ് ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പെട്ടെന്ന് പരിശോധന നടത്തുകയായിരുന്നു. ചിലരുടെ ഫോട്ടോയടക്കം എക്സൈസ് സംഘം വിദ്യാർഥികളെ കാണിച്ചിരുന്നു. കൂടുതൽ മുറികളും അടഞ്ഞുകിടക്കുകയായിരുന്നു.