Sunday, April 13, 2025
Latest:
NationalTop News

കുട്ടികളുടെ മനസില്‍ പ്രതീക്ഷ നിറച്ചില്ലെങ്കില്‍ അവര്‍ സിരകളില്‍ മയക്കുമരുന്ന് നിറയ്ക്കും; ലഹരിക്കെതിരെ ഒന്നായി പോരാടണമെന്ന് രാഹുല്‍ ഗാന്ധി

Spread the love

ലഹരി മരുന്നിനെതിരെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളുടെ മനസ്സുകളില്‍ പ്രതീക്ഷ നിറച്ചില്ലെങ്കില്‍ അവര്‍ സിരകളില്‍ മയക്കുമരുന്ന് നിറക്കുമെന്ന് രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. ഇരുളടഞ്ഞ ഭാവി, സമ്മര്‍ദം എന്നിവയില്‍ നിന്ന് പ്രതിരോധ സംവിധാനം എന്ന നിലയില്‍ യുവാക്കള്‍ മയക്കുമരുന്നിലേക്ക് തിരിയുന്നു.യുവാക്കള്‍ക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യവും നല്‍കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

ലഹരിയില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് രാഹുല്‍ഗാന്ധി പറയുന്നു. കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സമൂഹമാധ്യമത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കുട്ടികള്‍ ലഹരിക്ക് അടിപ്പെട്ടുപോകാതിരിക്കാന്‍ എന്തെല്ലാം ചെയ്യാമെന്നത് സംബന്ധിച്ച് റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആദിത്യ രവീന്ദ്രന്‍, ഹോമിയോപ്പതി ഡോക്ടര്‍ ഫാത്തിമ അസ്ല എന്നിവരുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. കേരളാസ് ഡ്രഗ് വാര്‍ എന്ന പേരിലാണ് ചര്‍ച്ച സംഘടിപ്പിച്ചിരുന്നത്.

ഇക്കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തില്‍ 27,000 ലഹരി കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ലഹരിക്ക് അടിമയായ യുവാക്കള്‍ വീട്ടുകാര്‍ക്ക് നേരെ ഉള്‍പ്പെടെ അതിക്രമം കാട്ടുന്ന സംഭവങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുതയാണ്. ലഹരിക്കെതിരായ ക്യാംപെയിനായി വിമുക്തി എന്ന പേരില്‍ പരിപാടികള്‍ നടത്താന്‍ 12 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. ലഹരി പരിശോധനകള്‍ കര്‍ശനമാക്കാനും പഴുതുകളടച്ചുള്ള അന്വേഷണത്തിലൂടെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനും പൊലീസും സര്‍ക്കാരും എക്‌സൈസും തീവ്ര ശ്രമത്തിലുമാണ്.