KeralaTop News

നിലപാട് തിരുത്തി INTUC; ആശാ സമരത്തിന് പൂർണ്ണ പിന്തുണ

Spread the love

സെക്രട്ടറിറ്റേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. നേരത്തെ ആശാ സമരത്തെ ഐഎൻടിയുസി തള്ളി പറഞ്ഞിരുന്നു. യുഡിഎഫ് സമരത്തെ പിന്തുണയ്ക്കുമ്പോൾ ഐഎൻടിയുസി എതിരായത് ചർച്ചയായിരുന്നു. അതിനിടെയാണ് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി രംഗത്തുവന്നിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, കെ സി വേണുഗോപാലിന്റെയും അഭ്യർത്ഥന മാനിച്ചാണ് പിന്തുണ എന്ന് ഐഎൻടിയുസി പ്രസിഡന്റ്റ് ആർ ചന്ദ്രശേഖരൻ പ്രസ്താവനയിൽ പറയുന്നു. തൊഴിലാളി താൽപര്യം ഉയർത്തിപ്പിടിച്ച് ഈ ആവശ്യം കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ ഉന്നയിച്ച് പ്രക്ഷോഭം നടത്താൻ ഈ മേഖലയിലെ എല്ലാ യൂണിയനുകളും കേന്ദ്ര ട്രേഡ് യൂണിയനുകളും ഒരുമിച്ച് തയ്യാറാകണം. സമരത്തെ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്നും കേന്ദ്രസംസ്ഥാന സർക്കാരുകൾ 60 : 40 അനുപാതം നടപ്പിലാക്കണമെന്ന ആവശ്യവും ഐഎൻടിയുസി മുന്നോട്ടുവെച്ചു.

ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് അർഹതപ്പെട്ട മുഴുവൻ ആനുകൂല്യ ങ്ങളും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന കെ.സി. വേണുഗോപാലിന്റെ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രഖ്യാപനം തീർത്തും സ്വാഗതാർഹമാണെന്നും ഐഎൻടിയുസി വ്യക്തമാക്കി.

ആരോഗ്യ മേഖലയിലെ ജീവനക്കാരോടൊപ്പം ജോലി ചെയ്യുന്ന ഈ തൊഴിലാളികൾക്ക് ആരോഗ്യ മേഖലാ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും നൽകണമെന്ന ആവശ്യം കേന്ദ്ര ട്രേഡ് യൂണിയനുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മുമ്പിൽ ഉയർത്തി. എന്നാൽ ഈ ആവശ്യം കേന്ദ്ര സർക്കാർ തള്ളിക്കളയുകയാണ് ഉണ്ടായത്. ഈ നിലപാടിലാണ് ഇപ്പോഴും കേന്ദ്ര സർക്കാർ. എന്നാൽ ചില സംസ്ഥാന സർക്കാരുകൾ ഓണറേറിയം എന്ന പേരിൽ തുച്ഛമായ ഒരു തുക വ്യത്യസ്‌ത രീതിയിൽ നൽകാൻ തുടങ്ങി. ഇതിൻ്റെ ഭാഗമായി കേരളത്തിൽ 2011 മുതൽ ഓണറേറിയമായി ഒരു തുക നൽകി തുടങ്ങി. 500 രൂപയിൽ തുടങ്ങിയ ഈ ആനുകൂല്യം 2023 ആയപ്പോൾ 7000 രൂപ വരെയായി.

രാജ്യത്തെയും സംസ്ഥാനത്തെയും ആശ തൊഴിലാളികൾക്ക് അവർ ചെയ്യുന്ന ജോലിയും ഓരോ ദിവസത്തെ ജോലി സമയവും കണക്കാക്കിയാൽ ആരോഗ്യ മേഖലാ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ലഭിക്കാൻ തീർത്തും അവർ അർഹരാണ്. ഇതനുസരിച്ച് കേന്ദ്ര ആരോഗ്യ മേഖലാ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ നില വിലെ അടിസ്ഥാന ശമ്പളം 18,000 രൂപയും ക്ഷാമബത്ത 55% ഉം ആകെ 27900 രൂപയുമാ ണ്. ഈ തുക ശമ്പളമായി ആശ തൊഴിലാളികൾക്ക് നിശ്ചയിക്കപ്പെടണമെന്നും പ്രസ്താവനയിൽ പറയുന്നു.

എന്നാൽ സമരത്തിന് പിന്തുണ നൽകുമ്പോഴും പ്രസ്താവനയിൽ സംസ്ഥാന സർക്കാരിന് തലോടൽ നൽകുന്നുമുണ്ട്. സമരത്തിന് ആധാരമായി ഉന്നയിച്ച ആവശ്യങ്ങളിൽ തൊഴിലാളി താല്പര്യപരമായി വിയോജിപ്പ് എന്ന് ചന്ദ്രശേഖരൻ പറയുന്നു. പ്രശ്നത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിൽനിന്നാണെന്നും പരോക്ഷ സൂചന നൽകുന്നുണ്ട്.

അതേസമയം, ആശമാരുടെ സമരം 51 ദിവസം പിന്നിട്ടു . നിരാഹാര സമരം പതിമൂന്നാം ദിവസവും തുടരുകയാണ് . ആശമാർ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇന്നലെ സമരവേദിക്ക് മുന്നിൽ നടത്തിയ മുടി മുറിക്കൽ സമരത്തിന് വലിയ പിന്തുണ ആണ് കിട്ടിയത്. സമരത്തെ വിമർശിച്ചു തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത് എത്തിയിരുന്നു. സമരം ചെയ്യേണ്ടത് ഡൽഹിയിൽ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ ശിവൻകുട്ടി പ്രതികരിച്ചത്. കോൺഗ്രസ്‌ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ഫണ്ടിൽ നിന്നും ഓണറേറിയാം കൂട്ടണമെന്ന സർക്കുലർ ഇറക്കിയെങ്കിലും ഇതുവരെ പഞ്ചായത്തുകൾ തീരുമാനം എടുത്തിട്ടില്ല.