IB ഉദ്യോഗസ്ഥയുടെ മരണം; ‘സുകാന്തിന്റെ പ്രേരണയാണ് ആത്മഹത്യയിലേക്ക് നയിച്ചത്’; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് പിതാവ്. സുകാന്തിന്റെ പ്രേരണയാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മൂന്നരലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ലൈഗിംകാതിക്രമം നടന്നതിന്റെ തെളിവുകൾ ഹാജരാക്കി. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമെന്നും മധുസൂദനൻ പറഞ്ഞു.
മേഘയുടെ ആത്മഹത്യക്ക് കാരണക്കാരനെന്ന് ആരോപിക്കുന്ന സുഹൃത്തായ സുകാന്ത് ഒളിവിൽ തുടരുകയാണ്. പേട്ട പൊലീസ്, മലപ്പുറത്തുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. മേഘ ആത്മഹത്യ ചെയ്തതിൻറെ പിറ്റേന്നാണ് സുകാന്ത് ഒളിവിൽ പോയതെന്ന് പൊലീസ് കണ്ടെത്തി. മേഘയുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.
ആരോപണം നേരിടുന്ന യുവാവിനെ ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്ന് പേട്ട പൊലീസ് പറയുന്നു. മേഘ ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് മുമ്പും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മരണ വിവരം അറിഞ്ഞ സുകാന്ത് ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചിരുന്നു. അന്വേഷണ നടത്തുന്ന പേട്ട പൊലീസ് കഴിഞ്ഞ സുകാന്തിൻ്റെ വീട്ടിലെത്തിയെങ്കിലും ആരെയും കാണാൻ സാധിച്ചില്ല.
അതേസമയം സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബി. സുകാന്ത് ഐബി ആഭ്യന്തര ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ പോയ സുകാന്തിനായി അന്വേഷണം ഊർജിതമാക്കി. സുകാന്തിനെതിരെ കേസെടുത്താൽ ഐ ബി സുകാന്തിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യും. പ്രൊബേഷനിൽ ആയതിനാൽ ഇയാളെ പിരിച്ചുവിടാനും ഏജൻസിക്ക് അധികാരമുണ്ട്. ഉദ്യോഗസ്ഥന്റെ വിവരങ്ങൾക്കായി തിരുവനന്തപുരം പേട്ട പോലീസ് ഐബിയെ സമീപിച്ചും കഴിഞ്ഞു.