KeralaTop News

‘ലഹരിക്കെതിരെയുള്ള പോരാട്ടത്തെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണം; വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിര്’; പാളയം ഇമാം

Spread the love

വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. ഈദ് ദിന സന്ദേശത്തിലാണ് സുഹൈബ് മൗലവിയുടെ പരാമർശം. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നു. ഭൗതിക താത്പര്യങ്ങൾക്ക് വേണ്ടി അല്ല വഖഫ് ചെയ്യുന്നത്. വഖഫുകൾ അള്ളാഹുവിൻ്റെ ധനം ആണ്. ദാനം ചെയ്ത വസ്തുക്കളാണ് മസ്ജിദുകളും യത്തീംഖാനകളും എല്ലാം. അത് അങ്ങേയറ്റം കൃത്യതയോടെ കൈകാര്യം ചെയ്യാനാണ് വഖഫ് നിയമം ഉള്ളതെന്ന് പാളയം ഇമാം പറഞ്ഞു.

വിശ്വാസികൾ ആണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടത് എന്ന് ഖുർആനിലുണ്ട്. അതാണ് ഭേദഗതി ചെയ്യാൻ പോകുന്നത്. ബില്ല് പാസായാൽ വഖഫ് സ്വത്ത് നഷ്ടമാകുമെന്ന് പാളയം ഇമാം പറ‍‌ഞ്ഞു. പലസ്തീൽ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഈദ് ദിന സന്ദേശത്തിൽ ഡോ. വി.പി സുഹൈബ് മൗലവി പറഞ്ഞു. പലസ്തീൻ ജനത ദുരിതങ്ങളിലൂടെ കടന്നു പോകുന്നു. യുദ്ധം ഒരു സമൂഹത്തിലും നന്മ കൊണ്ടു വന്നിട്ടില്ലെന്നും വി.പി സുഹൈബ് മൗലവി പറഞ്ഞു.

പലസ്തീൻ ജനതയുടെ രോദനങ്ങളാണ് സ്ത്രീകളിലൂടെ കേൾക്കുന്നത്. ഈ യുദ്ധം അവസാനിക്കണമെന്ന് വി.പി സുഹൈബ് മൗലവി ആവശ്യപ്പെട്ടു. ലഹരിക്കെതിരെ ഭരണകൂടങ്ങളും മാധ്യമങ്ങളും ശക്തമായി രംഗത്ത് വന്നു. അതിനെയൊക്കെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണം. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ആരോടും സഹകരിക്കരുതെന്നും ലഹരി വിരുദ്ധ പ്രചാരണത്തിന് വിശ്വാസികൾ മുന്നിൽ നിൽക്കണമെന്ന് പാളയം ഇമാം ആവശ്യപ്പെട്ടു.

അക്രമങ്ങളും കൊലപാതകങ്ങളും നാട്ടിൽ വർദ്ധിക്കുന്നുവെന്ന് പാളയം ഇമാം പറഞ്ഞു. ഒരു ചെറുപ്പക്കാരൻ കുടുംബത്തിലെ അഞ്ചുപേരെ കൊല ചെയ്ത വാർത്തയാണ് റമദാന് മുൻപ് കേട്ടത്. കൗമാര യൗവനങ്ങളിൽ അക്രമാസ വാസന വ്യാപകമാകുന്നു. കുട്ടികളുടെ ക്ഷമയാണ് നഷ്ടപ്പെടുന്നത്. മക്കൾക്കെല്ലാം നൽകുന്നു ക്ഷമ മാത്രം പഠിപ്പിക്കുന്നില്ലെന്ന് ഇമാം പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി വ്യക്തമാക്കി.