ട്രെയിൻ തട്ടി മരിച്ചയാളുടെ ബാഗിൽ നിന്ന് പണം അടിച്ചുമാറ്റി; ആലുവ ഗ്രേഡ് എസ്ഐയ്ക്ക് സസ്‌പെൻഷൻ
ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ ബാഗിൽ നിന്ന് പണം അടിച്ചുമാറ്റിയ എസ്ഐയ്ക്ക് സസ്പെൻഷൻ. ആലുവയിലെ ഗ്രേഡ് എസ്ഐ യു സലീമിനെതിരെയാണ് നടപടി. ഇതര സംസ്ഥാനക്കാരന്റെ ബാഗിൽ നിന്ന് 3000 രൂപയാണ് പൊലീസുകാരൻ മോഷ്ടിച്ചത്.
പൊലീസ് സേനയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിന് തന്നെ ആകെ നാണക്കേടാണ് ഗ്രേഡ് എസ് ഐ യു സലീമിന്റെ പ്രവർത്തി. ഈ മാസം 19 നാണ് ആലുവയിൽ അസം സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. ഇയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കൾ ബന്ധുക്കൾക്ക് കൈമാറിയപ്പോൾ പൊലീസിന് സംശയം തോന്നിയിരുന്നു. പിന്നിട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് എസ്ഐ പണം കവർന്നതെന്ന് സ്ഥിരീകരിച്ചത്.
പെരുമ്പാവൂർ കോതമംഗലം സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന സലീം മുൻപും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നടപടി നേരിട്ട ആളാണ്. ഇത്തവണ ഒരല്പം കടന്നുപോയി. നടപടി സസ്പെൻഷനിൽ ഒതുങ്ങില്ലെന്നാണ് വിവരം. ഒരു മൃതദേഹത്തോടുപോലും ബഹുമാനം കാണിക്കാത്ത പൊലീസ് ഉദ്യോഗസ്ഥൻ എങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നാണ് ഉയരുന്ന ചോദ്യം.