ഒരു രാത്രി മുഴുവൻ ശീമക്കൊന്നയുടെ വടികൊണ്ട് അടിച്ചു; തൃശൂരിൽ മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച് മകൻ
തൃശൂരിൽ മദ്യ ലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച് മകൻ. ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 3-ാം വാർഡിൽ ഉൾപ്പെടുന്ന കൊണ്ടയൂരിലാണ് സംഭവം. മദ്യപിച്ചെത്തിയശേഷം ഇയാളുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്നാണ് ഒരു രാത്രിമുഴുവൻ ശീമക്കൊന്നയുടെ വടികൊണ്ട് അമ്മയെ അടിച്ചു പരുക്കേൽപ്പിച്ചത്. 70 വയസ്സുകാരി പതി പറമ്പിൽ വീട്ടിൽ ശാന്തയ്ക്കാണ് പരുക്കേറ്റത്.
രാവിലെ നാട്ടുക്കാരെത്തി വീട്ടിൽ വന്ന് നോക്കുമ്പോഴാണ് ശാന്തയ്ക്ക് അതിക്രൂരമായി പരുക്കേറ്റതായി കാണുന്നത്. അടിയേറ്റ് എല്ലുകൾക്കുൾപ്പടെ ഗുരുതരമായി പൊട്ടലേറ്റ ശാന്തയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
41 കാരനായ മകൻ സുരേഷ് പൊലീസിന്റെ കസ്റ്റഡിയിലാണ്. അറസ്റ്റിലായ സുരേഷ് സ്വന്തം സഹോദരനായ സുബ്രഹ്മണ്യനെ സമാനമായ രീതിയിൽ അടിച്ചുകൊന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
2023 ൽ അമ്മയെ നോക്കുന്നത് സംബന്ധിച്ച് സഹോദരനുമായി തർക്കം ഉണ്ടാകുകയും മദ്യലഹരിയിലായിരുന്ന സുരേഷ് സഹോദരനെ ഇതേ രീതിയിൽ തന്നെ മർദിക്കുകയും രാവിലെ ഇയാളെ അവശനിലയിൽ കണ്ടെത്തി പിന്നീട് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയുമായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സുരേഷ് അമ്മയെയും ശീമക്കൊന്നയുടെ കമ്പുകൊണ്ട് മർദിക്കുന്നത്. വീട്ടിൽ ഇവർ രണ്ടുപേരും മാത്രമാണ് താമസിച്ചിരുന്നത്.