‘വധശിക്ഷയ്ക്കുള്ള തീയതി തീരുമാനിച്ചെന്ന് അവരെന്നോട് പറഞ്ഞു’; നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്
വധശിക്ഷ നടപ്പാക്കാനുള്ള സന്ദേശം ജയിലിൽ ലഭിച്ചെന്ന് നിമിഷ പ്രിയ. യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം ലഭിച്ചു. ‘സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലി’നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.
നിമിഷ പ്രിയ ശബ്ദ സന്ദേശത്തിൽ പറയുന്നതിങ്ങനെ
‘ജയിലിലെ മെയിൻ ഓഫീസിലേക്ക് ഒരു അഭിഭാഷക ഫോൺവിളിച്ചിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ഓർഡർ ജയിലിൽ എത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. എല്ലാവരും ഒപ്പുവെച്ചതിന് ശേഷമായിരിക്കും ജയിലിലേക്ക് ഓർഡർ എത്തുക. പെരുന്നാളിന് ശേഷം അവരെന്നെ തീർക്കാനുള്ള പരിപാടി ആയിരിക്കുമോ. വളരെ പേടിയോടെയും വിഷമത്തോടെയുമാണ് എന്നോടിപ്പോൾ എല്ലാവരും സംസാരിക്കുന്നത്. എന്തൊക്കെയാ നടക്കുന്നത്’. നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.
അതേസമയം, നിമിഷ പ്രിയയുടെമോചനത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വലിയ ആശങ്കയായി ശബ്ദ സന്ദേശം പുറത്ത് വന്നിരിക്കുന്നത്.
യമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൂട്ടുകാരിക്കൊപ്പം ചേർന്ന് കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം.
തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യമന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.
ബിസിനസിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്ന് യമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു. എന്നാൽ നിമിഷ തലാലുമായൊത്ത് ക്ലിനിക്ക് ആരംഭിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം കഴിക്കുകയുമായിരുന്നു.ഇയാൾ നിമിഷയുടെ പാസ്‌പോർട്ടും മറ്റും കൈക്കലാക്കിയതിനാൽ അവർക്ക് നാട്ടിലേക്ക് എത്താനുള്ള അവസരവും നഷ്ടമായിരുന്നു.