Top NewsWorld

കണ്ണീരണിഞ്ഞ് മ്യാന്മറും തായ്‍ലന്‍ഡും; ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു, 700ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Spread the love

ബാങ്കോക്ക്: തായ്‌ലൻഡിനെയും മ്യാന്മറിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ മരണ സംഖ്യ 700 കടന്നതായി റിപ്പോർട്ട്. 1500ലധികം ആളുകൾക്ക് പരിക്കേറ്റു. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. മ്യാൻമറിലെ സാഗൈങ്ങിന്റെ വടക്കുപടിഞ്ഞാറായി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.

ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തും ചൈനയുടെ കിഴക്കൻ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മരണസംഖ്യ 694 ആയതായി മ്യാൻമറിലെ സൈനിക ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു. സൈന്യം അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന് മ്യാൻമറിൽ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുർബലപ്പെടുത്തിയെന്നും ആരോപണമുയർന്നു.
അയൽരാജ്യമായ തായ്‌ലൻഡിൽ ഭൂകമ്പത്തിൽ 10 പേർ മരിച്ചു. ബാങ്കോക്കിലെ ചാറ്റുചക് മാർക്കറ്റിന് സമീപം നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്ന് 100 ഓളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.