സുശാന്ത് സിങിൻ്റെ മാനേജർ ദിഷ സലിയൻ്റെ മരണം: അച്ഛനെയടക്കം കുറ്റപ്പെടുത്തി പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട്; നാല് വർഷത്തിന് ശേഷം പുറത്ത്
നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മുൻ മാനേജരായിരുന്നു ദിഷ സാലിയൻ ആത്മഹത്യ ചെയ്യാൻ കാരണം അച്ഛനെന്ന് പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട്. മാൽവാനി പോലീസ് 2021 ഫെബ്രുവരി നാലിന് അന്വേഷണം അവസാനിപ്പിച്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
2020 ജൂൺ 8 ന് വടക്കൻ മുംബൈയിലെ മലാഡ് പ്രദേശത്തെ ജങ്കല്യാൻ നഗറിലുള്ള ഫ്ലാറ്റ് കെട്ടിടത്തിന്റെ 12-ാം നിലയിൽ നിന്ന് ചാടിയാണ് അവർ ജീവനൊടുക്കിയത്. ദിഷയുടെ സുഹൃത്തുക്കളുടെയും ചില സാക്ഷികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ചില പ്രൊജക്ടുകൾ പരാജയപ്പെട്ടതും, സുഹൃത്തുമായി അകന്നതും തൻ്റെ പണം അച്ഛൻ ദുരുപയോഗം ചെയ്തതും ദിഷയെ മാനസികമായി വിഷാദത്തിലാക്കിയിരുന്നു എന്നാണ് പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട്. നടൻ്റെ മരണത്തിന് പിന്നാലെ മാനേജരുടെ മരണം മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ മുംബൈ പൊലീസ് നിയമിച്ചെങ്കിലും ഈ അന്വേഷണ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ദിഷയുടെ അച്ഛൻ സതീഷ് സാലിയൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.