NationalTop News

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചെലവ് കൂടും; മെയ് 1 മുതൽ പ്രാബല്യത്തില്‍

Spread the love

മെയ് 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിന്‍വലിക്കുന്നത് ചെലവേറിയതാകും. ട്രാന്‍സാക്ഷന്‍ ചാര്‍ജ് രണ്ടു രൂപ വര്‍ധിപ്പിച്ച് 23 രൂപയാക്കാന്‍ റിസര്‍വ് ബാങ്ക് (RBI) അനുമതി നല്‍കിയതോടെയാണിത്. ഈ പുതിയ നിരക്ക് മെയ് ഒന്നുമുതല്‍ നിലവില്‍ വരും. ഓരോ മാസവും അഞ്ചു സൗജന്യ ട്രാന്‍സാക്ഷന്‍ കഴിഞ്ഞ് മാത്രമേ പുതിയ ചാര്‍ജ് ഈടാക്കുകയുള്ളു. ബിസിനസ് സുസ്ഥിരത ഉറപ്പാക്കുന്നതിനായാണ് ആർബിഐയും, നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI)യും ഈ തീരുമാനം എടുത്തത്.

ആർ.ബി.ഐയുടെ സര്‍ക്കുലില്‍ പറയുന്നതുപോലെ, ഓരോ മാസവും ഉപയോക്താക്കള്‍ക്ക് എ.ടി.എം ഉപയോഗിച്ച് അഞ്ച് സൗജന്യ ഇടപാടുകള്‍ നടത്താനാകും. ഇതിൽ പണം പിന്‍വലിക്കല്‍ മാത്രമല്ല, ബാലന്‍സ് പരിശോധിക്കല്‍, മിനി സ്റ്റേറ്റ്മെന്റ് എടുക്കല്‍ പോലുള്ള മറ്റ് ഇടപാടുകളും ഉൾപ്പെടും. അതേസമയം, മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ഇത് മൂന്നായി പരിമിതപ്പെടും.അഞ്ച് സൗജന്യ ഇടപാടുകൾ കഴിഞ്ഞാൽ, ഓരോ എ.ടി.എം പിന്‍വലിക്കലിനും ബാങ്കുകള്‍ക്ക് 23 രൂപ വരെ സേവനനിരക്കായി ഈടാക്കാൻ സാധിക്കും.

ഡിജിറ്റല്‍ ഇടപാടുകളിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും , എ.ടി.എം ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ല. അതിനാൽ, നിരക്ക് വർധന എ.ടി.എം അധികമായി ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയാകും. ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറാന്‍ നിരക്ക് വര്‍ധന ഇടയാക്കുമെന്നാണ് ബാങ്കിംഗ് രംഗത്തുള്ളവര്‍ പറയുന്നത്.

അതേസമയം ബാങ്കുകൾക്ക് ഇത് ഗുണകരമാകും, കാരണം എ.ടി.എം പരിപാലനത്തിനും സുരക്ഷാ ചെലവുകൾക്കും വലിയ തുക ചെലവാകുന്നു. ഈ ചെലവ് കണക്കിലെടുത്ത്, കൂടുതൽ മികച്ച സേവനം നൽകാൻ നിരക്ക് വർധന സഹായിക്കുമെന്ന് ബാങ്കുകൾ കരുതുന്നു.