സ്‌കൂൾതല പരിശീലകരായി പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ; ലഹരി വിരുദ്ധ ക്യാമ്പയിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളെ ഉപയോഗിക്കണം’: മുഖ്യമന്ത്രി
ലഹരി വിരുദ്ധ ക്യാംപയിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളെ നല്ലനിലയില്‍ ഉപയോഗിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരെയുള്ള സ്‌കൂൾതല പരിശീലകരായി പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം അതത് സ്ഥലത്ത് ലഭ്യമാക്കണം. എസ്.പി.സി ശക്തിപ്പെടുത്തുന്നതിന് ആക്ഷൻ പ്ലാൻ വികസിപ്പിക്കും എസ്.പി.സി, എസ്.സി.ഇ.ആർ.ടി, സീമാറ്റ്, ഐ.എം.ജി, കില മുതലായ ഏജൻസികളിലെ വിദഗ്‌ധരെ ആക്ഷൻ പ്ലാൻ വികസിപ്പിക്കൽ ശില്പശാലകളിൽ പങ്കെടുപ്പിക്കണം.
കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം പാഠ്യവിഷയങ്ങളിലെ മികവ് മാത്രമാകരുത്. താല്‍പര്യമുള്ള കുട്ടികളെ അര്‍ഹത നോക്കി തിരഞ്ഞെടുക്കണം. തീരദേശ, പിന്നോക്ക മേഖലകളിലെ സ്കൂളുകള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വികസന ഫണ്ടുകളിൽ നിന്ന് അനുവദനീയമായ തുക എസ്.പി.സി പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകൾക്ക് ലഭ്യമാക്കണം. സ്‌കൂൾ, ജില്ല, സംസ്ഥാനതല അവലോകന യോഗങ്ങൾ യഥാസമയം നടത്തി പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്തണം. എസ്.പി.സി ഔട്ട്‌ഡോർ മാനുവൽ പരിഷ്‌കരണം സമയബന്ധിതമായി പൂർത്തീകരിക്കാണം.
എസ്.പി.സി പദ്ധതിയുടെ എല്ലാ വശങ്ങളും ക്രമപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും എസ്.പി.സി കാര്യക്ഷമമാക്കുന്നതിനും ഉചിതമായ നിയമം രൂപീകരിക്കണം.
പദ്ധതി നടപ്പിലാക്കുന്ന എല്ലാ സ്‌കൂളുകളിലും പരിശീലനത്തിനാവശ്യമായ അധ്യാപകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സേവനം ലഭ്യമാക്കണം. ഇത് ഉറപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയേയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയേയും ചുമതലപ്പെടുത്തി.
2025-26 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌ത് സീമാറ്റ്, ഐ.എം.ജി, എസ്.പി.സി ഡയറക്‌ടറേറ്റ് മുതലായവയുമായി കൂടിയാലോചിച്ച് പരിശീലന കലണ്ടർ തയ്യാറാക്കാൻ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി.
എസ്.പി.സി ടോട്ടൽ ഹെൽത്ത് പ്രോഗ്രാമിന്‍റെ ഭാഗമായി പെയിൻ & പാലിയേറ്റീവ്കെയർ, അടിയന്തിര പ്രഥമശുശ്രൂഷാ നടപടിക്രമങ്ങൾ മുതലായവയിൽ പരിശീലനം നല്‍കാന്‍ ഡോക്‌ടർമാരുടെ സേവനം ഉറപ്പാക്കണം. “ശുഭയാത്ര” പരിപാടി മെച്ചപ്പെട്ട രീതിയിൽ തുടരുന്നതിന് കേരള മോട്ടോർ വെഹിക്കിൾസ് വകുപ്പിന്റെയും കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെ ലഭ്യത ഉറപ്പാക്കണം.
വനംവകുപ്പിൻ്റെ സഹകരണത്തോടെ നടത്തി വരുന്ന ത്രിദിന റെസിഡൻഷ്യൽ പ്രകൃതി പഠന ക്യാമ്പുകൾ തുടരണം. 2010 ൽ തുടങ്ങിയ പദ്ധതി നിലവിൽ 1049 സ്കൂളുകളിൽ നടപ്പാക്കി വരുന്നുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ മുതലായവയിൽ നിന്നുള്ള പൊതുനന്മ ഫണ്ട് പ്രയോജനപ്പെടുത്തി എസ്.പി.സി പദ്ധതി എല്ലാ പൊതുവിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.