സിനിമികളുടെ വ്യാജ പതിപ്പുകൾ തടയാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; എത്തിക്കൽ ഹാക്കർമാരെ നിയോഗിച്ചു
സിനിമികളുടെ വ്യാജ പതിപ്പുകൾ തടയാൻ കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. എത്തിക്കൽ ഹാക്കർമാരെ നിയോഗിച്ചു. വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നവരെയും ഡൗൺലോഡ് ചെയ്ത് കാണുന്നവരെയും കണ്ടെത്തും. കർശന നിയമ നടപടി സ്വീകരിക്കുമെന്നും അസോസിയേഷൻ അറിയിച്ചു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വ്യാജപതിപ്പുകൾ ഡൗൺലോഡ് ചെയ്യുകയും, കാണുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കുന്നതിനുള്ള ശ്രമം ശക്തിപ്പെടുത്താനും അസോസിയേഷൻ ഒരുങ്ങുകയാണ്. വ്യാജചലച്ചിത്ര പതിപ്പുകൾ കാണുന്നതും, പങ്കിടുന്നതും സൈബർ കുറ്റകൃത്യവും കോപ്പിറൈറ്റ് ലംഘനവും ആണെന്നും അതിനാൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വർക്ക് ജയിൽ ശിക്ഷ അടക്കമുള്ള കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.
പ്രേക്ഷകർ സാങ്കേതിക വിദഗ്‌ധർ, തിയറ്റർ ഉടമകൾ, സൈബർ സെൽ, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവർക്കൊപ്പം സഹകരിച്ച്, സിനിമാവ്യവസാ സംരക്ഷിക്കാനാണ് ഈ പുതിയ നടപടി എന്നും വാർത്താകുറിപ്പിൽ പറയുന്നു.
ഇതാദ്യമായല്ല തിയേറ്ററിൽ എത്തിയ ഉടനെ ചിത്രങ്ങളുടെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമീപ കാലത്തതായി ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളുടെയും വ്യാജ പതിപ്പുകള്‍ സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ സിനിമാ സംഘടനകൾ തന്നെ രംഗത്തെത്തിയിരുന്നു.