KeralaTop News

മാധ്യമങ്ങൾ എഴുതി കാണിക്കേണ്ടത് പ്രതിപക്ഷം പൊളിഞ്ഞു എന്നാണ്; മന്ത്രി എം ബി രാജേഷ്

Spread the love

മാസപ്പടി കേസിൽ ഹൈക്കോടതി മാത്യു കുഴൽനാടന്റെ ഹര്‍ജി തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ഹൈക്കോടതിയുടെ ഉത്തരവില്‍ പ്രതിപക്ഷം പൊളിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.ഇതുപോലുള്ള അപവാദങ്ങളാണ് പ്രതിപക്ഷം തുടർച്ചയായി ഉന്നയിക്കുന്നത്. ഒന്ന് തീരുമ്പോൾ അടുത്ത പ്രചാരണവുമായി വരുന്നു. എല്ലാം മാധ്യമങ്ങളിൽ നിലനിർത്താൻ മാത്രമാണെന്നും കോടതിയിൽ ഒന്നും നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.

സിപിഐഎമ്മിന് ആശ്വാസം എന്നാണ് മാധ്യമങ്ങളില്‍ എഴുതിക്കാണിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം പൊളിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ എഴുതി കാണിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റിസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം, കോടതിയിൽ പറഞ്ഞതെല്ലാം തനിക്ക് ബോധപ്പെട്ട കാര്യങ്ങളാണെന്നും നിയമപോരാട്ടത്തിൽ നിരാശ ഇല്ലെന്നും അഴിമതിക്കെതിരായ പോരാട്ടംതുടരുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും. യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും കുഴൽനാടൻ പ്രതികരിച്ചു.

മാത്യു കുഴൽനാടന് മൂന്ന് പ്രാവശ്യമായി ജുഡീഷ്യറിയിൽ നിന്ന് അടി കിട്ടുന്നുവെന്ന് മുതിർന്ന സിപിഐഎം നേതാവ് എകെ ബാലൻ പറഞ്ഞു. മാസപ്പടി കേസ് ലാവലിൻ പോലെ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയാണ്. മാത്യു കുഴൽനാടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. മാത്യു കുഴൽനാടൻ ഗൂഢാലോചനയിൽ പെട്ടുപോയതാണ്. അപഹാസ്യമാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടെന്ന് എകെ ബാലൻ പറഞ്ഞു.