മാസപ്പടി കേസ്; ‘തെളിവുകൾ കേസെടുക്കാൻ മതിയായതല്ല; സംശയത്തിന്റെ പുറത്ത് അന്വേഷണം നടത്താനാവില്ല’; ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം തള്ളിയ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ ട്വന്റിഫോറിന്. മാത്യു കുഴൽനാടൻ നൽകിയ തെളിവുകൾ കേസെടുക്കാൻ മതിയായതല്ല. സംശയത്തിന്റെ പുറത്ത് പൊതുപ്രവർത്തകർക്കെതിരെ അന്വേഷണം നടത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മാത്യൂ കുഴൽനാടന്റെ വാദങ്ങൾ തള്ളിയാണ് ഹൈക്കോടതി വിധി. തിരുവനന്തപുരം വിജിലൻസ് കോടതിയുടേത് വിചാരണയെന്ന വാദം ഹൈക്കോടതി തള്ളി. വസ്തുതകൾ വിചാരണക്കോടതി പരിഗണിച്ചില്ലെന്ന വാദവും സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. സംശയം തോന്നിക്കുന്ന രേഖകൾ മാത്രമാണ് മാത്യൂ കുഴൽനാടൻ തെളിവായി നൽകിയത്. സംശയത്തിന്റെ പുറത്ത് അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് പൊതുപ്രവർത്തകരെ കളങ്കപ്പെടുത്തുന്നതിന് കാരണമാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പൊതുപ്രവർത്തകരെ പ്രതിയാക്കി വിളിച്ചുവരുത്തുന്ന നടപടി ഗൗരവതരമെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് പൊതുപ്രവർത്തകരുടെ അന്തസിനെയും മാന്യതയെയും കളങ്കപ്പെടുത്തും. വസ്തുതകൾ ബോധ്യപ്പെടുത്താൻ മാത്യൂ കുഴൽനാടന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാസപ്പടി വിവരങ്ങൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
പ്രഥമദൃഷ്ട്യാ തെളിവല്ലാത്ത രേഖകൾ കോടതിക്ക് കേസെടുക്കാനുള്ള തെളിവായി സ്വീകരിക്കാനാവില്ല. വിശ്വാസ്യതയില്ലാത്ത രേഖകളുടെ അഭാവത്തിൽ മാസപ്പടി രേഖകൾ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് മാത്യു കുഴൽനാടന്റെ ഹർജി ഹൈക്കോടതി തള്ളിയത്. മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ഉപയോഗിച്ച് വീണാ വിജയന്റെ എക്സാലോജിക് കമ്പനി സിഎംആർഎൽഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്നാണ് ഹർജിക്കാർ ആരോപിച്ചിരുന്നത്.