സംസ്ഥാന ബിജെപിയിൽ ശൈലീമാറ്റം; അധ്യക്ഷനെ കേന്ദ്രീകരിച്ചുള്ള സംവിധാനത്തിൽ മാറ്റം വരുത്താൻ തീരുമാനം
സംസ്ഥാന ബിജെപിയിൽ ശൈലീമാറ്റത്തിന് തീരുമാനം. അധ്യക്ഷനെ കേന്ദ്രീകരിച്ചുള്ള സംവിധാനത്തിൽ മാറ്റം വരുത്തുമെന്ന് കോർകമ്മിറ്റി യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു. മാധ്യമങ്ങളെ കാണുന്നതിന് അടക്കം നേതൃനിരയ്ക്ക് രൂപം നൽകാനാണ് തീരുമാനം. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ബിജെപിയുടെ ആദ്യ കോർ കമ്മിറ്റി യോഗമാണ് ഇന്ന് ചേർന്നത്.
ജില്ലകളുടെ മേൽനോട്ട ചുമതല മുതിർന്ന നേതാക്കൾക്ക് വിഭജിച്ചു നൽകാനും തീരുമാനം. പാർട്ടി നയങ്ങൾ വിശദീകരിക്കൽ ചുമതല അധ്യക്ഷൻ മാത്രം ഏറ്റെടുക്കില്ല. ചുമതലകൾ മുതിർന്ന നേതാക്കൾക്ക് വിഭജിച്ച് നൽകും. ബിജെപി സംഘടനാ ജില്ലകൾ അഞ്ചായി തിരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. 30 ജില്ലകളെ ആറ് വീതം 5 മേഖലകളായി തിരിക്കും. അഞ്ച് പേർക്ക് ചുമതല നൽകും.
നിലവില്‍ സംസ്ഥാന അധ്യക്ഷന്റെയും ജില്ലാ അധ്യക്ഷന്‍ മാരുടെയും തെരഞ്ഞെടുപ്പ് മാത്രമാണ് ബിജെപിയില്‍ പൂര്‍ത്തിയായത്. ജില്ലാ ഭാരവാഹികളുടെയും, സംസ്ഥാന കോര്‍ കമ്മിറ്റി – ഭാരവാഹികളെയും പ്രഖ്യാപിക്കാന്‍ ഉണ്ട്. ഇതില്‍ ജില്ലാ ഭാരവാഹികളെ ആദ്യം തിരഞ്ഞെടുക്കും. പിന്നാലെ ഏപ്രില്‍ പകുതിക്ക് മുന്‍പായി സംസ്ഥാന തലത്തില്‍ ബിജെപിയുടെ പുതിയ ടീം നിലവില്‍ വരും എന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.