പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം കണ്ണീര് കണ്ട്; പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഔദാര്യം’; ബി ഗോപാലകൃഷ്ണന്‍
സിപിഐഎം നേതാവ് പി കെ ശ്രീമതിയോടുള്ള തന്റെ ഖേദ പ്രകടനം പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്റെ ഔദാര്യമാണെന്ന് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്്ണന്‍. ഒത്തുതീര്‍പ്പ് സമയത്ത് ശ്രീമതി ടീച്ചര്‍ കണ്ണൂര്‍ ജില്ലയിലെ അവരുടെ ബന്ധുക്കള്‍ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോള്‍ ഒരു സത്രീയുടെ കണ്ണുനീരിന് രാഷ്ട്രീയത്തേക്കാള്‍ വില ഉണ്ടന്ന് വിശ്വസിക്കുന്ന താന്‍ രാഷട്രീയത്തിന്റെ അന്തസിന് ഖേദം പറയാം എന്ന് പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
ഇന്നലെയാണ് പി കെ ശ്രീമതിക്കെതിരെ നടത്തിയ അഴിമതി ആരോപണത്തില്‍ ബി.ഗോപാലകൃഷ്ണന്‍ പരസ്യമായി വേദം പ്രകടിപ്പിച്ചത്. ഉന്നയിച്ച ആരോപണങ്ങളില്‍ കൃത്യമായ തെളിവില്ല എന്ന് തനിക്ക് മനസിലായതായും ടീച്ചര്‍ക്ക് ഉണ്ടായ മാനസിക വിഷമത്തില്‍ നിരുപാധികം മാപ്പ് പറയുന്നതായും ഗോപാലകൃഷ്ണന്‍ പറഞ്ഞു. വസ്തുതകള്‍ മനസിലാക്കാതെ വ്യക്തിപരമായി ചാനല്‍ ചര്‍ച്ചകളില്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ ഭൂഷണമല്ല എന്നായിരുന്നു പി.കെ.ശ്രീമതിയുടെ പ്രതികരണം.
2018 ജനുവരി 25 ലെ ചാനല്‍ ചര്‍ച്ചയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പി കെ ശ്രീമതിയുടെ പരാതി. കോവിഡ് കാലത്ത് സംസ്ഥാനത്തെ ആശുപത്രികളിലേക്ക് മരുന്നുകളും മറ്റ് ആവശ്യസാധനങ്ങളും എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബി ഗോപാലകൃഷ്ണന്‍ പി കെ ശ്രീമതിക്കെതിരെ ആക്ഷേപം ഉന്നയിച്ചത്. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് കേസ് ഹൈകോടതിയില്‍ എത്തുകയായിരുന്നു. മധ്യസ്ഥതയിലൂടെ ഒത്തുതീര്‍പ്പാക്കാനുള്ള നിര്‍ദ്ദേശം ഹൈകോടതി മുന്നോട്ട് വെച്ചതോടെയായിരുന്നു ഗോപാലകൃഷ്ണന്റെ വേദ പ്രകടനം. ഇതില്‍ വിശദീകരണവുമായാണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.