ഫെബ്രുവരിയിലെ ഓണറേറിയവും ഇൻസെന്റീവും നൽകിയില്ല; അമ്പതാം ദിനം മുടി മുറിച്ച് പ്രതിഷേധിക്കും’; സമരം കടുപ്പിച്ച് ആശാ വർക്കേഴ്സ്
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കടുപ്പിച്ച് ആശാ വർക്കേഴ്സ്. സമരത്തിന്റെ അമ്പതാം ദിവസം, തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധിക്കാനാണ് തീരുമാനം. സമരം ചെയ്യുന്നവർക്ക് ഫെബ്രുവരി മാസത്തെ ഓണറേറിയവും ഇൻസെന്റീവും നൽകിയില്ലെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. സർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി ആളുകളെ തിരഞ്ഞുപിടിച്ച് കട്ട് ചെയ്തുവെന്ന് എസ് മിനി ആരോപിച്ചു.
ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എസ് മിനി പറഞ്ഞു. സമരക്കാർക്ക് പിടിവാശി എന്ന് പ്രചരിപ്പിക്കുന്നുവെന്നും തങ്ങളുടെ ഭാഗത്ത് ഒരു പിടിവാശിയും ഇല്ലെന്നും വികെ സദാനന്ദൻ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾക്കായി ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല. നിങ്ങൾ എന്ത് തരുമെന്ന് ചർച്ചയിൽ ചോദിച്ചപ്പോൾ പരിഹസിച്ചു വിട്ടെന്ന് വി കെ സദാനന്ദൻ പറഞ്ഞു.
സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കേഴ്സ് നടത്തുന്ന സമരം 47 ആം ദിവസത്തിലേക്ക് കടന്നു. നിരാഹാരം ഒൻപതാം ദിവസത്തിലാണ്. നിരാഹാരം ആരംഭിച്ചതിന് ശേഷം സർക്കാർ സമരക്കാരെ ഇതുവരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. സമരത്തിന് പിന്തുണയുമായി വിവിധ ജില്ലകളിൽ കളക്ടറേറ്റ് മാർച്ച് നടത്തി. സമരം തുടരുന്നതിനിടെ യു.ഡി.എഫ് ഭരിക്കുന്ന വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർധിപ്പിച്ചിട്ടുണ്ട്. ചില തദ്ദേശസ്ഥാപനങ്ങളിൽ ബിജെപിയും സമാനമായി വർധന പ്രഖ്യാപിച്ചു.