പോക്‌സോ കേസ്: കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി
പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും ജാമ്യം ദുരുപയോഗം ചെയ്യരുതെന്നുമുള്ള വ്യവസ്ഥകളോടെയാണ് സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് നാഗരത്‌നയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ നടത്തിയ വാര്‍ത്താ സമ്മേളനം കേരളം സുപ്രിംകോടതിയ്ക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി. കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അത് തെളിയിക്കുന്ന കത്ത് ഉള്‍പ്പെടെ കുട്ടിയുടെ അമ്മ എഴുതിയിട്ടുണ്ടെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. എന്നാല്‍ ജഡ്ജിയും അഭിഭാഷകരും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളും വാദങ്ങളുമല്ല പുറത്തുവരേണ്ടത് കോടതി ഒപ്പിട്ടുനല്‍കുന്ന അന്തിമ ഉത്തരവാണ് പ്രധാനമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. കേസ് കെട്ടിച്ചമച്ചതാണന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്‍ കോടതിക്ക് മുന്നില്‍ വാദിച്ചത്.
നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്. ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു. ഏഴുമാസമായി നടന്‍ ഒളിവിലായിരുന്നു.
കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. കുടുംബം തര്‍ക്കം മുതലെടുത്ത് കുട്ടിയെ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
anticipatory bail | Koottikal Jayachandran | pocso case