‘നീതി ഉറപ്പാക്കുമെന്ന് പറഞ്ഞു’ ; മുഖ്യമന്ത്രിയെ കണ്ട് ഷഹബാസിന്റെ കുടുംബം
മുഖ്യമന്ത്രിയെ കണ്ട് താമരശേരിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം. മുഖ്യമന്ത്രി അനുഭാവപൂര്‍വമായ മറുപടിയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റില്‍ ഉറച്ച വിശ്വാസമുള്ളത് കൊണ്ട് നീതികിട്ടുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യത്തില്‍ രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൂടി പങ്കുണ്ടെന്നും അവര്‍ക്ക് കൂടിയുള്ള ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ പറഞ്ഞു. കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കിയ പ്രേരണ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. നഞ്ചക്ക് ഉള്‍പ്പെടെ വീട്ടില്‍ സൂക്ഷിച്ച രക്ഷിതാക്കളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം – അദ്ദേഹം പറഞ്ഞു. നീതി കിട്ടും എന്ന വിശ്വാസത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ പരീക്ഷ എഴുതിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കാനെ സര്‍ക്കാരിന് കഴിയൂ എന്ന് അറിയാം. പ്രതികളായവര്‍ക്ക് തക്കതായ ശിക്ഷ കിട്ടണമെന്നാണ് ആവശ്യം – അദ്ദേഹം വ്യക്തമാക്കി.
ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രിയെ കണ്ടു. ഷിബിലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് ബന്ധു അബ്ദുള്‍ മജീദ് പറഞ്ഞു. ഷിബിലയുടെ പരാതി അന്വേഷിക്കുന്നതില്‍ പോലീസില്‍ ഉണ്ടായ വീഴ്ച അന്വേഷിക്കണം, പ്രതിയായ യാസിറിനെ തക്കതായ ശിക്ഷ നല്‍കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. പരാതിയില്‍ അന്വേഷണം വൈകിയതിന് ഉത്തരവാദി താമരശേരി എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ആണ്. യാസിറിന്റെ കുടുംബത്തിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കും. പരാതി പരിശോധിച്ച് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു – അദ്ദേഹം വ്യക്തമാക്കി.