NationalTop News

ഊബറിനും ഒലയ്ക്കും എതിരാളി; കേന്ദ്ര സർക്കാറിൻ്റെ ഉടമസ്ഥതയിൽ പുതിയ സ്ഥാപനം; ‘സഹ്കർ ടാക്സി’; കേരളം പയറ്റി തോറ്റിടത്ത് അമിത് ഷായുടെ വരവ്

Spread the love

ഓല, ഉബർ പോലുള്ള ആപ്പ് അധിഷ്ഠിത സേവനങ്ങളുടെ മാതൃകയിൽ രാജ്യത്തെ ടാക്സി ഡ്രൈവർമാർക്കും ഉപഭോക്താക്കൾക്കുമായി സഹകരണ അധിഷ്ഠിത റൈഡ്-ഹെയ്‌ലിംഗ് സേവനമായ ‘സഹ്കർ ടാക്സി’ കേന്ദ്രസർക്കാർ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇടനിലക്കാരില്ലാതെ സഹകരണ സ്ഥാപനങ്ങൾക്ക് ഇരുചക്ര വാഹനങ്ങൾ, ടാക്സികൾ, റിക്ഷകൾ, ഫോർ വീലറുകൾ എന്നിവ സഹ്കർ ടാക്സിയിൽ രജിസ്റ്റർ ചെയ്യാവുന്ന നിലയിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്.

കേന്ദ്ര സഹകരണ വകുപ്പിന് കീഴിലാണ് പുതിയ പദ്ധതി. മൂന്നര വർഷമായി കേന്ദ്രസർക്കാർ ഇതിൻ്റെ പണിപ്പുരയിലായിരുന്നു. ഓല, ഊബർ അടക്കമുള്ള പ്ലാറ്റ്ഫോമുകൾക്കെതിരെ പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. ഐഫോൺ ഉപയോഗിച്ചും ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ചും യാത്ര ബുക്ക് ചെയ്യുന്നവർക്ക് വ്യത്യസ്ത യാത്രാനിരക്കുകൾ ലഭിക്കുന്നുവെന്ന പരാതിയിൽ കേന്ദ്ര ഉപഭോക്തൃ കമ്മീഷൻ ഇരു കമ്പനികൾക്കും നോട്ടീസ് നൽകിയിരിക്കുകയാണ്. എന്നാൽ പരാതി അടിസ്ഥാന രഹിതമെന്നാണ് ഇരു കമ്പനികളും പ്രതികരിച്ചത്.

നേരത്തെ സംസ്ഥാന സർക്കാർ കേരളത്തിൽ സവാരി ആപ്പ് എന്ന പേരിൽ സമാനമായ പദ്ധതി ആവിഷ്കരിച്ചിരുന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല. 2022 ഓഗസ്റ്റ് 17 ന് നിലവിൽ വന്ന ആപ്പ് യാത്രക്കാരുടെയും ഡ്രൈവർമാരുടെയും പിന്തുണ ലഭിക്കാതെ വന്നതോടെ പരാജയപ്പെടുകയായിരുന്നു. ഡ്രൈവർമാരടക്കം ആപ്പിനും ഈ പദ്ധതിക്കുമെതിരെ നിരവധി പരാതികൾ രേഖപ്പെടുത്തിയിരുന്നു.