KeralaTop News

‘ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ എത്തിയത് ; അല്‍പം അല്‍പം ഉശിര് കൂടും’; എ എന്‍ ഷംസീറിന് കെ ടി ജലീലിന്റെ മറുപടി

Spread the love

നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കര്‍ എ എന്‍ ഷംസീറിന് മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ. സ്വകാര്യ സര്‍വകലാശാലാ ദേഭഗതി ബില്ലുമായി ബന്ധപ്പെട്ട് സഭയില്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സമയം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്ന് സ്പീക്കറുടെ പേര് പരാമര്‍ശിക്കാതെ കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ലീഗ് കോട്ടയായ മലപ്പുറത്ത് നിന്ന് നിയമസഭയിലെത്തിയത് കൊണ്ട് അല്‍പ്പം ‘ഉശിര്’ കൂടുമെന്നും കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തിങ്കളാഴ്ച സ്വകാര്യ സര്‍വ്വകലാശാലാ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു കെ ടി ജലീലിനോട് സ്പീക്കര്‍ രൂക്ഷമായി പ്രതികരിച്ചത്.

ജലീല്‍ ചുരുക്കണം. മറ്റുള്ളവരൊക്കെ ഇതുപോലെ സംസാരിക്കാന്‍ ശേഷിയുള്ളവരായിരുന്നു. അവര്‍ ചെയറിന്റെ അഭ്യര്‍ത്ഥന മാനിച്ചിരുന്നു. ഇത് ശരിയല്ല – സ്പീക്കര്‍ അന്ന് വിമര്‍ശിച്ചു. ജലീല്‍ സമയപരിധി പാലിക്കാത്തതും മൈക്ക് ഓഫ് ചെയ്ത ശേഷവും പ്രസംഗം തുടര്‍ന്നതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. ജലീല്‍ ചെയറിനെ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും നിര്‍ത്താത്തത് ധിക്കാരമാണെന്നും സ്പീക്കര്‍ പറഞ്ഞു.