SportsTop News

രാജസ്ഥാൻ റോയൽസിന് രണ്ടാം തോൽവി; ഡി കോക്ക് കരുത്തിൽ കൊല്‍ക്കത്തക്ക് 8 വിക്കറ്റ് ജയം

Spread the love

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് രണ്ടാം തോൽവി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ടു വിക്കറ്റിന് തോറ്റു. 152 റൺസ് വിജയലക്ഷ്യം കൊൽക്കത്ത 17.3 ഓവറിൽ മറികടന്നു. 61 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ക്വിന്‍റണ്‍ ഡി കോക്കാണ് കൊല്‍ക്കത്തയുടെ ജയം അനായാമാക്കിയത്. 22 റണ്‍സുമായി അംഗ്രിഷ് രഘുവംശി ഡി കോക്കിനൊപ്പം വിജയത്തിൽ കൂട്ടായി.
11 പന്തുകളിൽ 13 റൺസെടുത്ത സഞ്ജു സാംസണിന്റെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. വൈഭവ് അറോറയുടെ പന്തിൽ ക്ലീൻ ബൗൾഡായായിരുന്നു സഞ്ജുവിന്റെ മടക്കം. യശസ്വി ജയ്സ്വാൾ (29), റ്യാൻ പരാഗ് (25), ധ്രുവ് ജുറേൽ (33) എന്നിവരാണ് രാജസ്ഥാനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. കൊൽക്കത്തക്കായി വൈഭവ് അറോറ, ഹർഷിത് റാണ, മുഈൻ അലി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയു​ടെ തുടക്കവും കരുതലോടെയായിരുന്നു. സുനിൽ നരൈന് പകരമെത്തിയ മുഈൻ അലി 12 പന്തിൽ അഞ്ചുറൺസുമായി ആദ്യം പുറത്തായി. വൈകാതെ 18 റൺസുമായി അജിൻക്യ ര​ഹാനെയും പുറത്ത്. എന്നാൽ ഒരുവശത്ത് നങ്കൂരമിട്ട ക്വിന്റൺ ഡികോക്ക് കരുതലോടെ ബാറ്റുചെയ്തും ആവശ്യഘട്ടങ്ങളിൽ സ്കോർ ചെയ്തും കൊൽക്ക​ത്തയെ സുരക്ഷിത തീരത്തെത്തിച്ചു. തോല്‍വിയോടെ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തു രാജസ്ഥാന്‍ തുടരുമ്പോള്‍ ആദ്യ ജയത്തോടെ കൊല്‍ക്കത്ത ആറാം സ്ഥാനത്തേക്ക് കയറി.