KeralaTop News

‘അമേരിക്കന്‍ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് അസാധാരണ നടപടി’ ; പി രാജീവ്

Spread the love

അമേരിക്കന്‍ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്ന് മന്ത്രി പി രാജീവ്. കൃത്യമായ വിശദീകരണം നല്‍കാതെയാണ് അനുമതി തടഞ്ഞത്. ആര് പങ്കെടുക്കണം എന്നത് സംഘാടകരാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ സെക്രട്ടറിക്ക് അനുമതി നല്‍കുകയും കേരളത്തില്‍ നിന്നുള്ള മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും അനുമതി നിഷേധിക്കുകയും ചെയ്‌തൊരു അസാധാരണ നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അവിടെ പ്രബന്ധമവതരിപ്പിക്കുന്നതിന് വേണ്ടി ക്ഷണിക്കപ്പെടുകയും കേരളത്തിന്റെ പദ്ധതി നോവല്‍ ഇന്നൊവേഷനായി അംഗീകരിക്കപ്പെടുകയും ചെയ്യുക എന്നുള്ളത് നാടിന് അഭിമാനമായിരുന്നു. അതിന് അനുമതി നിഷേധിച്ചത് അസാധാരണമാണ്. അങ്ങേയറ്റം അപലപനീയമാണ് – പി രാജീവ് പറഞ്ഞു.

നല്‍കിയ അറിയിപ്പില്‍ അനുമതി നിഷേധിക്കാനുള്ള കാരണങ്ങള്‍ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളോടൊപ്പം തന്നെ കേരളത്തിലെ ഉദ്യോഗസ്ഥന്‍മാര്‍ക്കും യാത്രാ അനുമതി നിഷേധിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശകാര്യ മന്ത്രാലയമാണ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത്. മന്ത്രിതലത്തില്‍ പങ്കെടുക്കേണ്ട പരിപാടി അല്ലെന്നാണ് വിശദീകരണം. അമേരിക്കയും ലെബനനും സന്ദര്‍ശിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. മന്ത്രിക്കൊപ്പം നാലംഗ സംഘമാണ് വിദേശയാത്രക്കായി ഉണ്ടായിരുന്നത്.

ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെ വിദേശയാത്ര തീരുമാനിച്ചിരുന്നത്. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്‌ട്രെഷന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനായിരുന്നു വ്യവസായ വകുപ്പ് മന്ത്രിക്ക് ക്ഷണം ലഭിച്ചത്. ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് അനുമതി തേടിയത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെഎസ്‌ഐഡിസി എംഡി എന്നിവരടങ്ങുന്ന സംഘമാണ് അമേരിക്കയിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയത്.