NationalTop News

മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം; സ്റ്റേ ചെയ്ത് സുപ്രീംകോടതി

Spread the love

ദില്ലി: മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും കോടതി വിമര്‍ശിച്ചു. പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വിധിന്യായ വിവാദ പരാമർശങ്ങൾ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീംകോടതി അറിയിച്ചു.

പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്ക്കോട് ഉത്തരവിനെതിരെ രണ്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അലഹബാദ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചിന്റേതായിരുന്നു വിവാദ നിരീക്ഷണം.