KeralaTop News

‘രാഹുൽ നിയമസഭയിൽ വെറുതെ പോയതല്ല, പാലക്കാട്‌ ജനത വമ്പൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചുവിട്ടതാണ്’; മന്ത്രി ആർ.ബിന്ദുവിന്റെ പരാമർശത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ

Spread the love

നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മന്ത്രി ആർ.ബിന്ദുവിന്റെ പരാമർശത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എം.പി. എല്ലാ മന്ത്രിമാരും പിണറായി വിജയന് പഠിക്കുകയാണോ,അത്ര അസഹിഷ്ണുതയാണോ മന്ത്രിമാർക്ക്. രാഹുൽ വെറുതെ പോയി ഇരുന്നതല്ല നിയമസഭയിൽ. മന്ത്രിയുടെ പറമ്പിൽ മാങ്ങാ പെറുക്കാൻ പോയതല്ല.

പാലക്കാട്‌ ജനത വമ്പൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചുവിട്ടതാണ് രാഹുൽ മാങ്കൂട്ടത്തിലിനെയെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. ഒന്നാം നിര ആരുടെയും തറവാട് വകയല്ല. നൽകിയ ജനങ്ങൾക്ക് അത് തിരിച്ചെടുക്കാൻ അറിയാം. പാലക്കാട്‌ ജനതയ്ക്ക് തെറ്റിയില്ല എന്ന് തെളിഞ്ഞുവെന്നും ഷാഫി വ്യക്തമാക്കി.

സിപിഐഎമ്മും ബിജെപിയും ഒരുമിച്ചുള്ള കച്ചവടം ആണ് കൊടകര. സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും മണിക്കൂറുകൾ ചോദ്യം ചെയ്തതാണ് ഇഡി. സുരേന്ദ്രനെ പിണറായി വിജയനും തൊടില്ല, ഇഡിയും തൊടില്ല. പ്രാതലിന് വിളിക്കുന്നതും പ്രോട്ടോക്കോൾ ലംഘിക്കുന്നതും പിന്നിൽ ഇതേ കൂട്ടായ്മയെന്നും ഷാഫി വിമർശിച്ചു.
ചുവപ്പ് നരയ്ക്കാതെ കാവിയാകുന്ന സാഹചര്യം. ഒരു ഔന്നത്യവും കാണിക്കാത്ത ഒരാളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. നിറത്തിന്റെ പേരിൽ ചീഫ് സെക്രട്ടറിയെ ആക്ഷേപിക്കുന്നത് ശരിയല്ല. സമൂഹത്തിനാകെ നാണക്കേടാണ് ഇത്തരം കാര്യങ്ങൾ. നിറത്തിന്റെ പേരിൽ ആരെയും അപമാനിക്കരുത്. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യവും ശ്രദ്ധയിൽപ്പെട്ടു. എല്ലാ നിറവും ഭംഗിയുള്ളതാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

സര്‍വകലാശാലാ നിയമഭേദഗതി വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി ആര്‍.ബിന്ദുവിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം നടന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിൽ സഭയില്‍ നടത്തിയത് ‘വെര്‍ബല്‍ ഡയറിയ’ ആണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.