SportsTop News

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ കൊല്‍ക്കത്ത പോരാട്ടം, ആദ്യ ജയം തേടി ഇരു ടീമുകളും

Spread the love

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും നേർക്കുനേർ. ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇന്ന് മത്സരത്തിനിറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പാതി വിശ്രമത്തിലായതിനാൽ റയാൻ പരാഗാണ് രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത്.

വിരലിനേറ്റ പരുക്കിൽനിന്ന് പൂർണമായും മുക്തനാവാത്തതിനാൽ സഞ്ജുവിനെ വിക്കറ്റ് കീപ്പിങ്ങോ ഫീൽഡിങ്ങോ ഏൽപിക്കുന്നില്ല. ആദ്യ കളിയിൽ ഇംപാക്ട് പ്ലെയറായെത്തി ഇന്നിങ്സ് ഓപ്പൺ ചെയ്ത താരം 33 പന്തിൽ 66 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. അതേസമയം അജിൻക്യ രഹാനെക്ക് കീഴിലാണ് കൊൽക്കത്ത ഇറങ്ങുന്നത്.

ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിലവിലെ ജേതാക്കളും മുൻ ചാമ്പ്യന്മാരും തമ്മിൽ ഏറ്റുമുട്ടുന്നത്. സ്വന്തം മൈതാനത്ത് നടന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് കൊൽക്കത്ത. രാജസ്ഥാനാവട്ടെ സൺ റൈസേഴ്സ് ഹൈദരാബാദിന് മുന്നിലും പൊരുതി വീണു.

അതേസമയം ഐപിഎല്ലിന്‍റെ 18-ാം സീസണിൽ എല്ലാ ടീമുകളും ആദ്യ റൗണ്ട് മത്സരങ്ങൾ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ തകര്‍പ്പൻ ജയത്തോടെ തുടങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.

രാജസ്ഥാൻ റോയൽസിനെതിരെ 286 റൺസ് അടിച്ചുകൂട്ടി വിജയിച്ചതോടെ റൺറേറ്റിൽ സൺറൈസേഴ്സ് ഒന്നാമത് എത്തുകയായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ 7 വിക്കറ്റ് വിജയം ആ‍ര്‍സിബിയെ പോയിന്റ് പട്ടികയിൽ സൺറൈസേഴ്സിന് തൊട്ടുപിന്നിൽ എത്തിച്ചു.

കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ ആവേശകരമായ വിജയത്തോടെ പഞ്ചാബ് കിംഗ്സും അക്കൗണ്ട് തുറന്നിരിക്കുകയാണ്. പോയിന്റ് പട്ടികയിൽ ആര്‍സിബിയ്ക്ക് പിന്നിൽ മൂന്നാമതാണ് പഞ്ചാബിന്റെ സ്ഥാനം. മുംബൈ ഇന്ത്യൻസിനെതിരെ അവസാന ഓവറിലേയ്ക്ക് നീണ്ട ആവേശകരമായ മത്സരത്തിലെ വിജയം ചെന്നൈ സൂപ്പര്‍ കിംഗ്സിനും 2 പോയിന്റ് സമ്മാനിച്ചു. നാലാം സ്ഥാനത്താണ് ചെന്നൈയുള്ളത്. അവസാന ഓവറിലേയ്ക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തിലൂടെ ലഖ്നൗവിനെ പരാജയപ്പെടുത്തിയ ഡൽഹി ക്യാപിറ്റൽസ് അഞ്ചാം സ്ഥാനത്തെത്തി.