KeralaTop News

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: ഏറ്റെടുക്കുന്ന ഭൂമിക്ക് കനത്ത തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഹൈക്കോടതിയില്‍

Spread the love

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് കനത്ത തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ്. 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം. ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കണം. സര്‍ക്കാര്‍ തീരുമാനിച്ച 26 കോടി രൂപ മതിയായതല്ലെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വ്യക്തമാക്കുന്നു.

ഭൂമിയുടെ വിപണി വിലയ്ക്ക് ആനുപാതികമല്ല നഷ്ടപരിഹാരത്തുക. 64 ഹെക്ടര്‍ ഭൂമിക്ക് 20 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കണക്കാക്കിയത്. ഇത് വിപണി വിലയുടെ അഞ്ച് ശതമാനം തുക മാത്രമാണ്. ഭൂമി ഏറ്റെടുക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് നഷ്ടപരിഹാരത്തുക എന്നുമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജിയിലെ പ്രധാന വാദം.

എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. പുനരധിവാസ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുപ്പുമായി മുന്നോട്ടുപോകാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. എന്നാല്‍ നഷ്ടപരിഹാരത്തുക അപര്യാപ്തമെങ്കില്‍ ഇക്കാര്യം പ്രത്യേകമായി ഉന്നയിക്കാമെന്നുമാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉയര്‍ന്ന തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തറക്കല്ലിടും. വയനാട് എംപി പ്രിയങ്ക ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. തറക്കല്ലിടലുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തുടങ്ങിക്കഴിഞ്ഞു. ഹൈക്കോടതിയുടെ അന്തിമാനുമതി ലഭിച്ചാല്‍ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് നിര്‍മാണക്കരാര്‍ ലഭിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വ്യക്തമാക്കുന്നു.