വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ച, ഭർത്താവിനെ വാടക കൊലയാളികളെ വിട്ട് കൊലപ്പെടുത്തി, 22കാരിയും കാമുകനും പിടിയില്‍
ഔരയ്യ: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി വധുവും കാമുകനും. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം. 25കാരനായ ദിലീപാണ് കൊല്ലപ്പെട്ടത്. 22 കാരിയായ വധു പ്രഗതി യാദവും കാമുകൻ അനുരാഗ് യാദവും അറസ്റ്റിലായി. ഇരുവരും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഇവരുടെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചില്ല. തുടർന്ന് മാർച്ച് 5 ന് ദിലീപിനെ വിവാഹം ചെയ്തു. മാർച്ച് 19നാണ്, വെടിയേറ്റ ഗുരുതരമായി പരിക്കേറ്റ നിലയിൽ ദിലീപിനെ വയലിൽ പൊലീസ് കണ്ടെത്തിയത്. ചികിത്സയ്ക്കായി ബിധുനയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. എന്നാൽ, നില വഷളായതിനെത്തുടർന്ന് സൈഫായ് ആശുപത്രിയിലേക്കും പിന്നീട് ഗ്വാളിയോറിലേക്കും ആശുപത്രിയിലേക്കും മാറ്റ്. മാർച്ച് 20ന് ഔറയ്യയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും പിറ്റേ ദിവസം മരണത്തിന് കീഴടങ്ങി.
സംഭവത്തെ തുടർന്ന് ദിലീപിന്റെ സഹോദരൻ സഹർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിൽ, ദിലീപിന്റെ ഭാര്യയും കാമുകനും വിവാഹശേഷം കണ്ടുമുട്ടാൻ കഴിയാത്തതിനാൽ ഭർത്താവിനെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. തുടർന്ന് ഇരുവരും രാമാജി ചൗധരി എന്ന ഒരു വാടകക്കൊലയാളിയെ ഏൽപ്പിക്കുകയും രണ്ട് ലക്ഷം രൂപ നൽകുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
രാമാജിയും കൂട്ടാളികളും ദിലീപിനെ ബൈക്കിൽ വയലിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയും വെടിവയ്ക്കുകയും ചെയ്തു. പിന്നാലെ ഇവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് രണ്ട് പിസ്റ്റളുകൾ, നാല് കാട്രിഡ്ജുകൾ, ഒരു ബൈക്ക്, രണ്ട് മൊബൈൽ ഫോണുകൾ, ഒരു പഴ്സ്, ആധാർ കാർഡ്, 3,000 രൂപ എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റ് ആളുകൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.