യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും
യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും. ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. ബെയ്‌റുത്തിലെ പാത്രിയര്‍ക്ക അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരിസ് കത്തീഡ്രല്‍ പള്ളിയില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് വാഴിക്കല്‍ ശുശ്രൂഷ. വിവിധ ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരും മെത്രാപ്പോലീത്തമാരും പങ്കെടുക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യാക്കോബായ സഭയുടെ അമരത്തേക്ക് വാഴിക്കപ്പെടുന്നത്. നാളെ നടക്കുന്ന ആകമാന സുന്നഹദോസില്‍ പാത്രിയര്‍ക്കീസ് ബാവയും നവാഭിഷിക്തനാകുന്ന ബസേലിയോസ് ജോസഫ് ബാവയും പങ്കെടുക്കും. ഈ മാസം 30ന് കേരളത്തില്‍ തിരിച്ചെത്തുന്ന പുതിയ കാതോലിക്കാ ബാവയ്ക്ക് യാക്കോബായ സഭയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കും. ശേഷം സഭാസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്‍ട്രലിലാണ് സ്ഥാനാരോഹണം.
ഇന്നലെ പള്ളി തര്‍ക്കം പരാമര്‍ശിച്ച് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ രംഗത്തെത്തിയിരുന്നു. ക്രിസ്തുവിന്റെ ജീവിതപാഠം ഉള്‍ക്കൊള്ളണമെന്നും പരസ്പരം സ്‌നേഹിച്ച് ജീവിക്കാന്‍ കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിശ്വാസത്തെ കാത്തു സംരക്ഷിക്കണം.
സമാധാനത്തോടെയും ശാന്തിയോടെയും കഴിയുവാന്‍ സാധിക്കട്ടെ. യാക്കോബായ സഭക്ക് ചരിത്രപരമായ നിമിഷമാണ്. ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം ആത്മീയമായി സന്തോഷം നല്‍കുന്നതാണ് – ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു.