അവള്‍ പോകുന്ന വഴിക്ക് റെയില്‍വേ ട്രാക്കൊന്നും ഇല്ല, ആ ഫോണ്‍ കോള്‍ ആരുടേതെന്ന് കണ്ടുപിടിക്കണം’; പരാതിയുമായി മുന്നോട്ട് പോകും, മധുസൂദനൻ
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് അച്ഛൻ മധുസൂദനൻ. ജോലി കഴിഞ്ഞ് മകൻ ഉടനെ താമസ്ഥലത്തേക്ക് പോകുന്നതാണ് പതിവ്. ആ പോകുന്ന വഴിയിൽ റെയില്‍വേ ട്രാക്കൊന്നും ഇല്ല. അവിടേക്ക് പോകണമെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും കാര്യം ഉണ്ടായിരിക്കും. അതുകൊണ്ടാണ് മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നതെന്ന് മേഘയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
ഫോണിൽ സംസാരിച്ചുകൊണ്ടാണ് അവൾ ട്രാക്കിലൂടെ നടന്നതെന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്. അങ്ങിനെയെങ്കിൽ ആ ഫോൺ കോൾ ആരാണ് ചെയ്തതെന്ന് കണ്ടുപിടിക്കണം. പൊലീസിനും ഐബിക്കും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പരാതി നൽകിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ട്പോകാനാണ് തീരുമാനം. മേഘയ്ക്ക് ട്രെയിനിങ് സമയത്ത് പരിചയപ്പെട്ട ഒരാളുമായി അടുപ്പമുണ്ടായിരുന്നു. ഇടയ്ക്ക് വിളിക്കുമെന്നുള്ള കാര്യം മകൾ വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നും മധുസൂധനൻ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയാണ് മരിച്ച മേഘ. പേട്ടയ്ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മേഘയെ കണ്ടെത്തിയത്.പത്തനംതിട്ട അതിരുങ്കൽ സ്വദേശി മധുസൂദനന്‍റെയും നിഷയുടെയും ഏക മകളായിരുന്നു. 13 മാസം മുൻപാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഐ ബി ഉദ്യോഗസ്ഥയായി ജോലിയിൽ പ്രവേശിച്ചത്.