Friday, March 28, 2025
Latest:
KeralaTop News

ജലസേചന വകുപ്പിന്റെ ഡാം ബഫര്‍സോണ്‍ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍; നടപടി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍

Spread the love

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍, ജലസേചന വകുപ്പിന്റെ ഡാം ബഫര്‍സോണ്‍ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍. ജലവിഭവ വകുപ്പിന് കീഴിലുള്ള അണക്കെട്ടുകള്‍ക്ക് സമീപം നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ സഭയില്‍ അറിയിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിലാണ് സര്‍ക്കാരിന്റെ അപൂര്‍വ നടപടി.

അണക്കെട്ടുകളുടെ ജലനിരപ്പില്‍ നിന്നും കരയുടെ ഭാഗത്തേക്ക് 20 മീറ്റര്‍ വരെയുള്ള പ്രദേശം ബഫര്‍സോണ്‍ ആയി പ്രഖ്യാപിച്ചും ഇതിനു പുറത്തുള്ള 100 മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണത്തിന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ എന്‍ഒസി നിര്‍ബന്ധമാക്കിയുമായിരുന്നു 26-12- 24 ന് ജലവിഭവ വകുപ്പ് ഇറക്കിയ ഉത്തരവ്. ഇതായിരുന്നു അടിയന്തര പ്രമേയ നോട്ടീസിന് ആധാരം. ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ഉത്തരവ് പിന്‍വലിക്കുമെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി റോഷി അഗസ്റ്റിന്‍ സഭയില്‍ അറിയിച്ചു.
അടിയന്തര പ്രമേയ നോട്ടീസിനെ പിന്നാലെ സര്‍ക്കാരിന്റെ ഒരു ഉത്തരവ് പിന്‍വലിക്കുന്നത് സഭയില്‍ അപൂര്‍വ്വമാണ്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉത്തരവിനെ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്ന പ്രമേയത്തിന് നോട്ടീസ് നല്‍കിയ മോന്‍സ് ജോസഫിന്റെ ആരോപണം.

ഇതുവരെ ഇല്ലാത്ത പ്രശ്‌നമാണ് പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.ഉത്തരവ് പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തിയില്ല.