NationalTop News

ദുരന്തമുഖത്ത് രാഷ്ട്രീയമില്ല, വയനാടിന് കേന്ദ്രം 898 കോടി രൂപ നൽകി’; അമിത് ഷാ

Spread the love

മുണ്ടക്കൈ-ചൂരൽമല ദുരന്തനിവാരണത്തിന് കേന്ദ്രസഹായം നൽകിയില്ലെന്ന കേരള എംപിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് ദുരന്ത സമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു. വയനാട്ടിലേത് അതി തീവ്ര ദുരന്തമെന്ന് പ്രഖ്യാപിച്ചു. മന്ത്രി തല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപ കൂടി നൽകി. 2219 കോടി രൂപയുടെ പുനരധിവാസ പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 530 കോടി രൂപ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പതിനായിരം ചോദിച്ചു, അയ്യായിരമേ കിട്ടിയുള്ളൂവെന്ന് പറയുന്നതിൽ കാര്യമില്ല. 50 പൈസ പോലും വെട്ടിക്കുറയ്ക്കില്ല. ചട്ടങ്ങൾക്ക് അനുസരിച്ചാണ് കേന്ദ്രം പണം നൽകുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ഇതിൽ രാഷ്ട്രീയമില്ല, കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണ്. ഈ സർക്കാരിന് ദുരന്തമുഖത്ത് രാഷ്ട്രീയം കാട്ടേണ്ട ആവശ്യമില്ല. തുടർ സഹായം മാനദണ്ഡങ്ങൾക്കനുസരിച്ച് നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.