കലയന്താനി കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വിട്ടു
തൊടുപുഴ കലയന്താനി ബിജു ജോസഫിന്റെ കൊലപാതകത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരെയാണ് 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. എറണാകുളത്ത് കാപ്പ ചുമത്തി റിമാൻഡിലുളള രണ്ടാം പ്രതി ആഷികിന് വേണ്ടി പ്രൊഡക്ഷൻ വാറന്റും ഹാജരാക്കിയിട്ടുണ്ട്. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ജോമോനും സംഘവും ഉപയോഗിച്ച വാനും, ബിജുവിൻ്റെ ഇരുചക്ര വാഹനവും കണ്ടെത്തേണ്ടതുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വാഹനം കണ്ടെത്താൻ സാധിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
കച്ചവട പങ്കാളിയായ ബിജു ജോസഫിനെ കൊലപ്പെടുത്താൻ ആഴ്ചകൾക്ക് മുമ്പ് തന്നെ പ്രതി ജോമോൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയത്. കൊച്ചിയിലെ പ്രമുഖ ഗുണ്ടാത്തലവനെയാണ് ഇയാൾ ആദ്യം ക്വട്ടേഷൻ ഏൽപ്പിച്ചിരുന്നത്. എന്നാൽ ഇയാൾ കൊല്ലപ്പെട്ട ബിജുവിൻ്റെ കുടുംബത്തെ അപായപ്പെടുത്താൻ പദ്ധതി ഇട്ടതാണ് ജോമോനെ ആദ്യം പിന്തിരിപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് വീടിനു പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാൻ ഹോളിനുള്ളിൽ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംഭവദിവസം എറണാകുളത്ത് നിന്ന് തൊടുപുഴയിലെത്തിയ കാപ്പ കേസ് പ്രതിയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമായി. കച്ചവട പങ്കാളിയായ ജോമോനുമായി ഉണ്ടായിരുന്ന സാമ്പത്തിക തർക്കത്തെപ്പറ്റി ബിജുവിന്റെ ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. തുടർന്ന് ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കലയന്താനിയിലെ കേറ്ററിംഗ് ഗോഡൗണിനുള്ളിൽ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയത്.
കലയന്താനിയിൽ ബിജുവും, ജോമോനും നടത്തിയിരുന്ന ദൈവമാതാ കേറ്ററിംഗ് സർവീസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ക്വട്ടേഷൻ കൊലപാതകത്തിന് കാരണം. ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ക്രൂരമായ മർദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. തലച്ചോറിനേറ്റ ക്ഷതവും തുടർന്നുള്ള ആന്തരിക രക്തസ്രാവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബിജുവിൻ്റെ വലത് കൈയിൽ മുറിവുണ്ട്. ഇതെപ്പോൾ സംഭവിച്ചതെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം, ബിജുവിനെ ആക്രമിച്ച സ്ഥലത്ത് നിന്ന് പെപ്പർ സ്പ്രേയും ചെരിപ്പും കണ്ടെത്തി. ബിജുവിൻ്റെ മൃതദേഹം കുഴിച്ചിടാൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും തെളിവെടുപ്പിനിടെ കോലാനിയിൽ നിന്ന് കണ്ടെത്തിയിരുന്നു.