‘മോദിക്കും അമിത്ഷായ്ക്കും വേണ്ടി കേരളം മൊത്തത്തില്‍ നമ്മളിങ്ങ് എടുക്കാന്‍ പോവുകയാണ് ‘ ; രാജീവ് ചന്ദ്രശേഖറിന് ആശംസകളുമായി സുരേഷ് ഗോപി
പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി രാജീവ് ചന്ദ്രശേഖറിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് താന്‍ കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖറിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പാര്‍ട്ടി പ്രതിനിധി സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യക്ഷ പദവി ഭാരിച്ച ഉത്തരവാദിത്തമാണെന്ന് പലരും പറയുന്നു. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. രാജീവ് ചന്ദ്രശേഖറിന്റെ മികവ് വളരെ നേരിട്ടറിയാവുന്ന ഒരു സുഹൃത്ത്, സഹോദരന്‍ എന്ന നിലയ്ക്ക് നിഷ്പ്രയാസം സാധിച്ചെടുക്കാവുന്ന ഉദ്യമം മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. അത് ഇതിന് മുന്‍പ് വളരെ വ്യക്തമായി നമുക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുള്ള കാര്യമാണ് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി സൈദ്ധാന്തിക വിപ്ലവത്തിലേക്ക് വളര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമുക്ക് പല പ്രദേശങ്ങളും കേരളത്തില്‍ ഇനി എടുക്കുവാനുണ്ട്. നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും നിര്‍മലാ സീതാരാമനും രാജ്‌നാഥ് സിങ്ങിനും വേണ്ടി കേരളം മൊത്തം നമ്മളിങ്ങ് എടുക്കാന്‍ പോവുകയാണെന്ന് ആഞ്ഞടിച്ച് പ്രഖ്യാപിക്കണം ഈ നിമിഷം. ആ ഊര്‍ജം കൊണ്ട് നമുക്ക് നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ സാധിക്കണം – അദ്ദേഹം പറഞ്ഞു.
ഭാരതീയ ജനതാപാര്‍ട്ടിയില്‍ മാത്രമാണ് ഏതൊരു സാധാരണ പ്രവര്‍ത്തകനും അതിന്റെ ഏതൊരു പദവികളിലും എത്തിച്ചേരാന്‍ കഴിയുന്നതെന്നും ആ ആനുകൂല്യമാണ് കഴിഞ്ഞ 5 വര്‍ഷം മുന്‍പ് തനിക്ക് ലഭിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയുടെ അധ്യക്ഷനായി എത്തുമ്പോല്‍ അദ്ദേഹത്തിന് ദൈനംദിന രാഷ്ട്രീയ പാരമ്പര്യം ഉണ്ടോ എന്ന വിമര്‍ശനം ഉയരുന്നുണ്ട്. അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ ഇതേ ചോദ്യം തന്നെയാണ് എല്ലാവരും ചോദിച്ചിരുന്നത്. എന്നാല്‍ 5 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ വിമര്‍ശകര്‍ അവരുടെ നിലപാടുകള്‍ എല്ലാം മാറ്റി അദ്ദേഹം സ്വീകാര്യനായ നേതാവാണെന്ന് പറയുകയായിരുന്നു. ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പൂര്‍ണമായും അദ്ദേഹം സജ്ജനാണെന്നതിന് കഴിഞ്ഞ ഒരു വര്‍ഷത്തെ തിരുവനന്തപുരത്തിന്റെ അനുഭവം മുന്നിലുണ്ട് – കെ സുരേന്ദ്രന്‍ പറഞ്ഞു. ചരിത്ര നിമിഷം എന്നാണ് പ്രള്‍ഹാദ് ജോഷി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചുവടുവെപ്പിനെ വിശേഷിപ്പിച്ചത്.