ലഹരി വ്യാപനം; എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും
ലഹരിവ്യാപനം തടയാൻ സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന് സംസ്ഥാന സർക്കാർ സെക്രട്ടറിതല സമിതി രൂപീകരിച്ചു. ഏപ്രിൽ മാസത്തിൽ സമിതി നിർദേശങ്ങൾ സമർപ്പിക്കണം. തുടർന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും യോഗം ചേർന്ന് നിർദേശങ്ങൾ ചർച്ചചെയ്യും. ലഹരി ഉറവിടങ്ങൾ ഇല്ലാതാക്കാൻ സമയമെടുത്തുള്ള പദ്ധതികൾ വേണമെന്ന് ലഹരി വിരുദ്ധ നടപടി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
സംസ്ഥാത്ത് ലഹരിവ്യാപനം തടയാൻ എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കൊറിയർ, തപാൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. ഇതിനായി പൊലീസും എക്സൈസും യോജിച്ച് പ്രവർത്തിക്കും.
മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ മന്ത്രിമാരും പൊലീസ് – എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി ആരംഭിക്കാനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. പൊലീസിന്റെ ഓപ്പറേഷൻ ഡീഹണ്ട്, എക്സൈസിന്റെ ക്ലീൻ സ്ലേറ്റ് തുടങ്ങിയ ലഹരി വിരുദ്ധ പരിശോധനകൾ ശക്തമാക്കുന്നത് സംബന്ധിച്ചും ചർച്ച നടന്നു. എക്സൈസ് – പോലീസ് വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തുന്നതിനുള്ള പദ്ധതികൾ യോഗത്തിൽ ആസൂത്രണം ചെയ്തു.