ഓപ്പറേഷൻ ‘രാജീവ്’; ബിജെപി നേതാക്കളെപ്പോലും ഞെട്ടിച്ച നീക്കം, മുന്നിൽ വെല്ലുവിളികളേറെ
കേരളത്തിലെ ആദ്യ മൊബൈല്‍ കമ്പനിയായ ബിപിഎല്ലിനെ ഒരു ദേശീയ ബ്രാൻഡായി വളര്‍ത്തിയ പാരമ്പര്യമാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന വ്യവസായിയുടേത്. അതേ രാജീവ് ചന്ദ്രശേഖർ ഇന്ന് കേരളത്തിലെ ബിജെപിയെ മികച്ച ‘ബ്രാൻഡാ’ക്കി മാറ്റാനും അധികാരത്തില്‍ എത്തിക്കാനുമുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നു.
പാർട്ടിയുടെ ഒരു ഘടകത്തിലും പ്രവര്‍ത്തിച്ചതിന്റെ പരിചയവുമായല്ല രാജീവ് ചന്ദ്രശേഖര്‍ ബിജെപിയെ നയിക്കാന്‍ എത്തുന്നത്. അദ്ദേഹത്തിന്റെ
രാഷ്ട്രീയ നേതൃപാഠവം എന്തെന്ന് ആര്‍ക്കും നിശ്ചയമില്ല. പക്ഷേ, വ്യവസായത്തില്‍ രാജീവ് പടുത്തുയര്‍ത്തിയ സാമ്രാജ്യം ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഒരു ബ്രാൻഡിനെ ലോകോത്തരമാക്കി മാറ്റാനുമുള്ള ആ കഴിവ് കണ്ടാണ്, മറ്റൊന്നും ആലോചിക്കാതെ ഉന്നതമായ ഈ ചുമതല ഏല്‍പ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം തയാറായത്.
മറ്റു സംസ്ഥാനങ്ങളിലെല്ലാം തരംഗമായി മാറിയപ്പോഴും ബിജെപിക്ക് കേരളത്തില്‍ അതിനൊത്ത മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. നേമത്ത് ഒ രാജഗോപാലിന്റെ വിജയത്തിലൂടെയാണ് ബിജെപി നിയമസഭയിൽ അക്കൗണ്ട് തുറന്നത്. ബിജെപിയുടെ സ്ഥാപക നേതാവും ആദ്യ സംസ്ഥാന അധ്യക്ഷനുമായിരുന്നു ഒ രാജഗോപാല്‍. വാജ്‌പെയി മന്ത്രിസഭയില്‍ റെയില്‍വെ സഹമന്ത്രിയുമായിരുന്നു. ഒ രാജഗോപാലിന് മണ്ഡലത്തിലെ ജനങ്ങളുമായുണ്ടായിരുന്ന വ്യക്തിപരമായ ബന്ധമാണ് വിജയത്തിലേക്കുള്ള വഴിതുറന്നതെന്ന കാര്യം തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ നേതൃത്വത്തിന് വ്യക്തമായി.സീറ്റ് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്താൻ കഴിഞ്ഞില്ല.
പിന്നീട് ബിജെപിക്ക് ആശ്വാസമായത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വിജയമാണ്. സാക്ഷാല്‍ നരേന്ദ്രമോദി നേരിട്ട് നടത്തിയ ശ്രമങ്ങളുടെ ഫലമായി തൃശൂരില്‍ സിനിമാ താരം കൂടിയായ സുരേഷ് ഗോപി വിജയിച്ചു. പക്ഷേ തൃശൂരിനേക്കാളും ബിജെപി പ്രതീക്ഷ പുലർത്തിയിരുന്നത് തിരുവനന്തപുരത്താണ്. ഡോ. ശശി തരൂരിനെ പരാജയപ്പെടുത്താനുള്ള സ്ഥാനാര്‍ത്ഥിയായി ബിജെപി നേതൃത്വം കണ്ടെത്തിയത് രാജീവ് ചന്ദ്രശേഖറിനെയായിരുന്നു. രണ്ടാം മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു അന്ന് രാജീവ്.
സ്ഥാനാർഥിയായി എത്തുമ്പോൾ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരം മണ്ഡലത്തില്‍ മുന്‍പരിചയങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും രാജീവ് ചന്ദ്രേശഖർ ശശി തരൂരുമായി കനത്ത പോരാട്ടം നടത്തി. തോറ്റെങ്കിലും കോൺഗ്രസിനെ വിറപ്പിക്കാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞു.
രാജീവിന്റേത് കന്നിയങ്കമായിരുന്നെങ്കിലും ശശി തരൂരിനോട് ഏറ്റുമുട്ടാന്‍ ശക്തനായിരുന്നു. ഇതാണ് ബിജെപി ദേശീയ നേതൃത്വം രാജീവിനെ ഇറക്കി കേരളം പിടിക്കുകയെന്ന ദൗത്യത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം.
കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിയാത്തതിന് ഒരു കാരണമായി ദേശീയ നേതൃത്വം കാണുന്നത്, യുവതയെ ആകര്‍ഷിക്കാൻ കഴിയുന്ന നേതൃത്വം ഇല്ല എന്നതാണ്. ബിജെപി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ കഴിഞ്ഞ കുറേ കാലമായുള്ള ഗ്രൂപ്പ് വടം വലിയാണ് മറ്റൊരു കാരണമെന്ന് ദേശീയ നേതൃത്വത്തിന് വ്യക്തമാണ്. കൃഷ്ണദാസ് പക്ഷവും മുരളീധരന്‍ പക്ഷവും പരസ്പരം കൊമ്പുകോര്‍ത്തതോടെ ബിജെപി സംസ്ഥാന അധ്യക്ഷനായി നേരത്തെ കുമ്മനം രാജശേഖരനെ പരീക്ഷിക്കേണ്ടി വന്നിരുന്നു. എന്നിട്ടും ഗ്രൂപ്പിസത്തില്‍ നിന്ന് കേരളത്തിലെ പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല
കെ സുരേന്ദ്രനെ പാര്‍ട്ടിയുടെ കടിഞ്ഞാൺ ഏല്‍പ്പിക്കുമ്പോള്‍ എല്ലാ വിഭാഗത്തേയും ഒരുമിച്ചുകൊണ്ടുപോകണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പിസം ഏറ്റവും ശക്തമായ കാലമായി അത് മാറി. ശോഭാ സുരേന്ദ്രന്‍, എം ടി രമേശ് തുടങ്ങിയ നേതാക്കള്‍ സംസ്ഥാന അധ്യക്ഷനെതിരെ തിരിയുന്ന കാഴ്ചയാണ് കണ്ടത്. കെ സുരേന്ദ്രനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണവും ബിജെപിയെ പ്രതിരോധത്തിലാക്കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മറ്റുമുണ്ടായ വിയോജിപ്പും കൊടകര കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തലും പാര്‍ട്ടിയെയും നേതൃത്വത്തെയും വെട്ടിലാക്കി. ഇതോടെ സുരേന്ദ്രനെ മാറ്റുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ശോഭാ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തെത്തുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതിയത്. അതിനുള്ള ചില അണിയറ നീക്കങ്ങളും ഡല്‍ഹിയില്‍ നടന്നിരുന്നു. എന്നാല്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ രാജീവ് ചന്ദ്രശേഖർ അധ്യക്ഷനാകണമെന്ന നിര്‍ദേശം ദേശീയ നേതൃത്വത്തിന് മുന്നില്‍ വെച്ചു. അതോടെ, ചര്‍ച്ചകള്‍ ഒറ്റപ്പേരിലേക്ക് ചുരുങ്ങി.
രാജീവ് ചന്ദ്രശേഖറിന് കേരളത്തിലെ ബിജെപിയെ നയിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടപ്പ്, ഒരുവര്‍ഷത്തിനിടയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയാണ് പുതിയ അധ്യക്ഷന് മുന്നിലുള്ള വെല്ലുവിളികള്‍. തിരവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുകയെന്നതാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം.
പുതിയ അധ്യക്ഷന്‍ നിലവിലുള്ള നേതാക്കളെ മാത്രം അണിനിരത്തി മുന്നോട്ടുപോകാനുള്ള സാധ്യത കുറവാണ്. കൂടുതല്‍ അഭ്യസ്ഥവിദ്യരായ യുവാക്കളെയും സ്ത്രീകളെയും അണിനിരത്താനുള്ള ശ്രമമായിരിക്കും ഉണ്ടാവുക. എന്തായാലും രാജീവ് ചന്ദ്രശേഖറിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ആര്‍എസ്എസ് നിയന്ത്രണത്തിലായിരിക്കുമെന്ന് ഉറപ്പാണ്. ആര്‍എസ്എസും ബിജെപി ദേശീയ നേതൃത്വവും പിടിമുറുക്കുന്നതോടെ
കേരളത്തിലെ നേതാക്കൾ എന്ത് നിലപാട് സ്വീകരിക്കുമെന്നും കാത്തിരുന്ന് കാണണം.