KeralaTop News

‘ഹിന്ദുത്വത്തിനൊപ്പം വികസന രാഷ്ട്രീയത്തിന്റെ മുഖം’; രാജീവിന്‍റെ വരവിൽ പ്രതീക്ഷയോടെ ബിജെപി ദേശീയ നേതൃത്വം

Spread the love

രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവവുമായാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്.ഹിന്ദുത്വത്തിനൊപ്പം വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്. മറ്റെല്ലാവരെയും ഒഴിവാക്കി രാജീവിലേക്ക് പാര്‍ട്ടി ദേശീയ നേതൃത്വം എത്തിയതും ഈ മൂല്യം കണ്ടുതന്നെ.

ശരാശരി രാഷ്ട്രീയക്കാരനപ്പുറമാണ് രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനപ്പുറം നാലാളെ ആകര്‍ഷിക്കും വിധം വികസന സങ്കല്‍പ്പം പറയും രാജീവ് ചന്ദ്രശേഖർ. കക്ഷി രാഷ്ട്രീയത്തിനും മീതെ മോദിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യതയ്ക്ക് ഒരു കേരള മോഡല്‍ തേടുകയായിരുന്ന പാര്‍ട്ടി ദേശീയ നേതൃത്വം. അത് ഒടുവിൽ എത്തി നിന്നത് രാജിവ് ചന്ദ്രശേഖർ ആണ്. പഠിച്ചതും സ്വപ്നം കണ്ടതും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരങ്ങളാണ് ബിജെപി രാഷ്ട്രീയത്തില്‍ രാജീവ് ചന്ദ്രശേഖറിന് അനുഗ്രഹമായത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തരബിരുദവും 2021ല്‍ ഐടി ആന്‍റ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യവികസനത്തിന്‍റെയും ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചു.
എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964 ല്‍ അഹമ്മദാബ്ദിലാണ് രാജീവിന്‍റെ ജനനം.
ബിസിനസ്സിൽ പയറ്റി തെളിഞ്ഞ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കര്‍മ്മമണ്ഡലം പൂര്‍ണമായി മാറുമ്പോള്‍ കരുത്ത് പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ്. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയില്‍ ആണിക്കല്ലായി. 2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി.
രാജ്യം അറിയുന്ന ബിസിനസുകാരന്‍റെ രാഷ്ട്രീയ പ്രവേശവും വളര്‍ച്ചയും പെട്ടന്നായിരുന്നു. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവാണ്. ഗ്രൂപ്പുപോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയില്‍ രാജീവിന്‍റെ വരവ് പ്രതീക്ഷയോടെയാണ് ദേശീയ നേതൃത്വം കാണുന്നത്.