KeralaTop News

ലോക്സഭയില്‍ ബി.ജെ.പിക്ക് പ്രാതിനിധ്യം ഉറപ്പാക്കിയ അധ്യക്ഷൻ; നേട്ടങ്ങളോടെ പടിയിറങ്ങുന്ന കെ. സുരേന്ദ്രന്‍

Spread the love

കേരളത്തില്‍ ആദ്യമായി ലോക്സഭയില്‍ ബി.ജെ.പിക്ക് പ്രാതിനിധ്യം ഉറപ്പാക്കിയെന്ന നേട്ടവുമായാണ് കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ടുശതമാനം ഇരുപതിലെത്തിച്ച അധ്യക്ഷൻ കൂടിയാണ് കെ സുരേന്ദ്രൻ. ഇതിനിടെ കൊടകര കുഴൽപണ വിവാദം ഉള്‍പ്പെടെ പലതിലും ആരോപണങ്ങള്‍ നേരിടേണ്ടിയും വന്നു.

എബിവിപിയിലൂടെയും യുവമോര്‍ച്ചയിലൂടെയും കൊണ്ടും കൊടുത്തും ഉയർന്നുവന്ന സമര നേതാവ്. ശബരിമല യുവതീപ്രവേശന പ്രശ്നം വന്നപ്പോള്‍ ആചാരസംരക്ഷണ സമരങ്ങളുടെ മുൻനിര പോരാളി. ശബരിമല ദര്‍ശനത്തിന് എത്തിയ സുരേന്ദ്രനെ ഇരുമുടിക്കെട്ടുമായി അറസ്റ്റുചെയ്ത് ആഴ്ചകളോളം ജയിലില്‍ അടച്ചു. ബി.ജെ.പിയിലെ വി. മുരളീധര പക്ഷത്തിന്റെ ശക്തനായ വക്താവായ സുരേന്ദ്രന് തിരഞ്ഞെടുപ്പുകളിലെ പ്രകടനവും ഗുണമായി. തുടര്‍ന്നാണ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പിന്‍ഗാമിയായി കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായത്. തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾ നോക്കിയാൽ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈവശമുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ട് കനത്ത തിരിച്ചടിയാണ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടിക്ക് നേരിട്ടത്. മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍ മത്സരിച്ചെങ്കിലും മഞ്ചേശ്വരത്ത് 745 വോട്ടിന്റെ വ്യത്യാസത്തില്‍ രണ്ടാമതും കോന്നിയില്‍ മൂന്നാമതും എത്തി. എന്നാൽ സംഘടന ഒന്നാകെ ഉടച്ചു വാർത്ത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ മുന്നേറ്റത്തിൻ്റെ ക്രെഡിറ്റ് കെ സുരേന്ദ്രന് കൂടി അവകാശപ്പെട്ടതാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്കെതിരെ വയനാട് മല്‍സരിച്ച് തോറ്റെങ്കിലും സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ വോട്ട് ശതമാനം കൂട്ടി. തൃശ്ശൂരിലൂടെ ലോക്സഭയില്‍ അക്കൗണ്ട് തുറക്കാനായതും വോട്ട് ശതമാനം 20 ൽ എത്തിക്കാനായതും പാർട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനമായി വിലയിരുത്തപ്പെട്ടു.മലപ്പുറം ഒഴികെ ലോക്സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടിവോട്ട് ലക്ഷത്തിന് മുകളിലെത്തി.

ഇതിനിടെ കൊടകരയില്‍ കുഴല്‍പ്പണം പിടിച്ചതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിടേണ്ടിവന്നു. വി.മുരളീധരനുമായുള്ള പഴയ അടുപ്പം നഷ്ടമായെങ്കിലും 2026 നിയമസഭാ തിരഞ്ഞെടുപ്പുവരെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരാന്‍ കഴിയുമെന്നായിരുന്നു സുരേന്ദ്രന്‍ അനുകൂലികളുടെ പ്രതീക്ഷ. എന്നാല്‍ അഞ്ചുവര്‍ഷത്തെ കാലപരിധി മാദണ്ഡം കര്‍ശനമാക്കിയതോടെ സുരേന്ദ്രന് പടിയിറങ്ങേണ്ടിവന്നു.