കഴിഞ്ഞ 2 തവണയായി നിർദേശിച്ച കാര്യങ്ങളൊന്നും പാലിച്ചില്ല; ആറളം ഫാമിലെ വന്യജീവി ആക്രമണത്തിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കണ്ണൂര്‍ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാന്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നല്‍കിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. വന്യജീവി ആക്രമണം തടയാന്‍ വിവിധ വകുപ്പുകളെ തമ്മില്‍ ഏകോപിപ്പിക്കുന്നതിനുള്ള സമിതി രൂപീകരിച്ചിട്ടില്ല. ആറളം ഫാമിലെ വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങള്‍ ഒന്നും നല്‍കിയില്ല. ഹ്രസ്വകാല – ദീര്‍ഘകാല കര്‍മ്മ പദ്ധതി എന്താണെന്ന് വ്യക്തത വരുത്തിയിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ ആറളത്ത് വന്യജീവി ആക്രമണം തടയുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഇക്കാര്യങ്ങള്‍ എന്തുകൊണ്ടാണ് സത്യവാങ്മൂലത്തില്‍ ഇല്ലാത്തതെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ചോദിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വെറുതെ പറഞ്ഞാല്‍ പോര അക്കാര്യങ്ങള്‍ രേഖാമൂലം ഹൈക്കോടതിയെ അറിയിക്കണം.
കാര്യങ്ങള്‍ വിശദമാക്കി അധിക സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി ഏപ്രില്‍ ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, ഈ അടുത്തക്കാലത്തായി ആറളത്ത് കാട്ടാന ആക്രമണം പതിവാണ്. ആനമതിൽ നിർമാണം വൈകുന്നതാണ് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങാൻ കാരണമെന്നാണ് നാട്ടുകാരുടെ വിമർശനം. കശുവണ്ടി ശേഖരിക്കാൻ വനത്തിലേക്ക് പോയ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടികൊന്ന സംഭവം വനം വകുപ്പ് ഏറെ വിമർശനം നേരിട്ട ഒന്നായിരുന്നു.