KeralaTop News

കണ്ണൂരില്‍ ലഹരി പ്രതിരോധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന് നേരെ ഭീഷണി

Spread the love

കണ്ണൂരില്‍ ലഹരി പ്രതിരോധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന് നേരെ ഭീഷണി. മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്തു. പഞ്ചായത്ത് പരിധിയില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ലഹരി വില്‍പ്പനക്കാരുടെ വിവരം പൊലീസിന് നല്‍കിയതാണ് പ്രകോപിപ്പിച്ചത്.

ലഹരി മാഫിയ നാട്ടില്‍ പിടിമുറിക്കിയതോടെയാണ് ജനകീയ പ്രതിരോധം തീര്‍ക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. മാടായി മാട്ടൂല്‍ പഞ്ചായത്തുകളിലെ യുവജനങ്ങളെ സംഘടിപ്പിച്ച് ധീര എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി. ഇതില്‍ അംഗങ്ങളായി 800ലധികം പേരുണ്ട് . ലഹരി വില്‍ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും തേടി സംഘം ഇറങ്ങി. പൊലീസ് കൂടി ചേര്‍ന്നതോടെ അടുത്ത കാലത്ത് ലഹരി വില്‍പ്പനക്കാരായ 15 പേരെ പിടികൂടാനായി. ലഹരി സംഘങ്ങള്‍ തമ്പടിക്കുന്ന പഴയ കെട്ടിടങ്ങള്‍ പലതും ധീരയുടെ പ്രവര്‍ത്തകര്‍ ഇടിച്ചു നിരത്തി.

പിന്നാലെ ലഹരി സംഘങ്ങളുടെ ഭീഷണിയെത്തി. എത്ര വലിയ കേസാണെങ്കിലും പെട്ടന്ന് ഊരിപ്പോവുകയാണെന്നും അങ്ങനെ പുറത്തിറങ്ങുന്നവര്‍ പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെയും ഫോണ്‍കോളിലൂടെയും ഭീഷണിപ്പെടുത്തുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ പറയുന്നു. വീട്ടിലുള്ളയാള്‍ക്കാര്‍ക്ക് പണി തരാം, കുട്ടികളെ അപകടപ്പെടുത്തുമെന്നെല്ലാമാണ് ഭീഷണിയെന്നും അവര്‍ വ്യക്തമാക്കി.

പ്രസിഡന്റിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണികള്‍ എന്തെല്ലാം വന്നാലും ലഹരിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് ഫാരിഷ ടീച്ചറും, ജനകീയ സംഘവും പറയുന്നു.