തൊടുപുഴ കൊലപാതകം; ബിജുവിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി, മരണകാരണം തലച്ചോറിനേറ്റ ക്ഷതം
ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് തൊടുപുഴ കലയന്താനി ചുങ്കം സ്വദേശി ബിജു ജോസഫിനെ കച്ചവട പങ്കാളി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തലച്ചോറിനേറ്റ ക്ഷതമായിരുന്നു മരണകാരണം. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായി. ബിജുവിന്റെ വലത് കയ്യിലെ മുറിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
ബിജുവിനെ കൊല്ലണം എന്ന ഉദ്ദേശത്തോടെയായിരുന്നു തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ സംഘങ്ങൾ മർദിച്ചത്. എന്നാൽ കാപ്പാ കേസ് പ്രതിയെ ക്വ ട്ടേഷൻ ഏൽപ്പിച്ചതോടെ കൊലപാതകത്തിന് ശേഷമുള്ള ആസൂത്രണങ്ങൾ പാളി. അറസ്റ്റിലായ മൂന്നു പ്രതികളുമായും പൊലീസ് സംഭവസ്ഥലത്ത് തെളിവെടുത്തു. ഒന്നാംപ്രതി ജോമോനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കച്ചവട പങ്കാളിത്തം പിരിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ബിജുവിനെ സഹോദരൻ പറഞ്ഞു.
ബിജുവിനെ ലക്ഷ്യമിട്ട് പ്രതികൾ എത്തിയത് ഈ മാസം 15ന്. ബിജുവിന്റെ ഓരോ ദിവസത്തെയും നീക്കങ്ങൾ പ്രതികൾ സമയമെടുത്ത് നിരീക്ഷിച്ചു. 19ന് രാത്രി തട്ടിക്കൊണ്ടുപോകാൻ നീക്കം. എന്നാൽ പ്രതികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ബിജു നേരത്തെ വീട്ടിൽ മടങ്ങി എത്തി. അന്ന് രാത്രി മുഴുവൻ പ്രതികൾ ബിജുവിന്റെ വീടിന് സമീപം തങ്ങി. വ്യാഴാഴ്ച പുലർച്ചെ നാലുമണിക്ക് അലാറം വെച്ച് ഉണർന്നു. ബിജുവിന്റെ സ്കൂട്ടറിനെ പിന്തുടർന്ന പ്രതികൾ വാഹനം തടഞ്ഞുനിർത്തി വലിച്ചുകയറ്റുകയായിരുന്നു. കേസിലെ പ്രതിയായ ജോമോനും ബിജുവിനോട് വിരോധം ഉണ്ടായിരുന്നു. ചെറുപുഴയിലെ സ്ഥാപനത്തിൽ ജോലി ചെയ്ത വകയിൽ ഒരു ലക്ഷം രൂപയോളം ഇയാൾക്ക് ബിജു നൽകാൻ ഉണ്ടായിരുന്നതായാണ് മൊഴി. എന്നാൽ ബിജുവും, ജോമോനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നത് അറിവില്ലെന്നും, ബിജുവിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് ജോമോൻ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സഹോദരൻ ജോസ് ട്വന്റിഫോറിനോട് പറഞ്ഞു. ബിജുവിന്റെ മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ സംസ്കാരം നടത്തും.