Top NewsWorld

ഗാസയിൽ ഇസ്രയേലിൻ്റെ വ്യോമാക്രമണം വീണ്ടും: ഹമാസിൻ്റെ പ്രധാന നേതാവടക്കം 19 പേർ കൊല്ലപ്പെട്ടു

Spread the love

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് ഉൾപ്പെടെ 19 പലസ്തീനികൾ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി യൂറോപ്യൻ ആശുപത്രിയും കുവൈറ്റ് ആശുപത്രിയും സ്ഥിരീകരിച്ചു.

പലസ്തീൻ പാർലമെന്റ് അംഗവും മുതിർന്ന രാഷ്ട്രീയ നേതാവുമായ സലാ ബർദാവിലാണ് കൊല്ലപ്പെട്ടവരിൽ പ്രധാനി. ഇദ്ദേഹത്തിൻ്റെ ഭാര്യയടക്കം 18 പേരും ആക്രമണത്തിൽ മരിച്ചു. ഖാൻ യൂനിസിന് സമീപം ഇസ്രയേലി സൈന്യം നടത്തിയ വ്യോമാക്രമണത്തിലായിരുന്നു ഇത്. ഹമാസിൻ്റെ പൊളിറ്റിക്കൽ വിഭാഗത്തിലെ പ്രധാന നേതാവായിരുന്നു സലാ ബർദാവിൽ. പതിവായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്ന ഹമാസ് നേതാവായിരുന്നു ഇദ്ദേഹം.

അതിനിടെ ഹൂതി വിമതർ ഇസ്രയേലിനെതിരെ മിസൈലാക്രമണം നടത്തിയെങ്കിലും നാശനഷ്ടം ഉണ്ടായതായി വിവരമില്ല. കഴിഞ്ഞയാഴ്ച ഇസ്രായേൽ ഹമാസുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച ശേഷം നടത്തിയ ഒടുവിലത്തെ ആക്രമണമാണിത്. ഗാസയിലുടനീളം നിരവധി വ്യോമാക്രമണങ്ങൾ നടത്തിയതോടെയാണ് ഹൂതി വിമതർ ഇസ്രായേലിനെതിരെ ആക്രമണം പുനരാരംഭിച്ചത്. പലസ്തീനുമായുള്ള ഐക്യദാർഢ്യമെന്നാണ് ആക്രമണത്തെ ഹൂതി വിമതർ വിശേഷിപ്പിക്കുന്നത്.