ഷിബിലയുടെ പരാതി കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റി; താമരശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ
താമരശ്ശേരി പുതുപ്പാടി സ്വദേശിനി ഷിബിലയുടെ കൊലപാതകത്തിൽ പരാതി കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയ ഗ്രേഡ് എസ്ഐ നൗഷാദിന് സസ്പെൻഷൻ. കൊല്ലപ്പെട്ട ഷിബില നൽകിയ പരാതിയിൽ നൗഷാദ് കൃത്യമായി അന്വേഷണം നടത്തിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ പൊലീസിന്റെ നടപടി വന്നിരിക്കുന്നത്. ഇന്ന് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയ റൂറൽ എസ് പി കെ ഇ ബൈജു സസ്പെൻഷൻ ഓർഡർ നേരിട്ട് കൈമാറി എന്നാണ് വിവരം.
ഷിബില പരാതിയുമായി എത്തുമ്പോൾ സ്റ്റേഷൻ PRO ആയിരുന്നത് നൗഷാദ് ആയിരുന്നു. വേണ്ടത്ര ജാഗ്രത ഉദ്യോഗസ്ഥൻ ഈ കേസിൽ പുലർത്തിയിരുന്നില്ലെന്നാണ് കണ്ടെത്തൽ. മാത്രവുമല്ല കേസിൽ പൊലീസ് നടപടിയെടുത്തിരുന്നുവെങ്കിൽ തങ്ങളുടെ മകൾക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് ഷിബിലയുടെ പിതാവ് അബ്ദുൽ റഹീം ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.
ജനുവരി 28 നായിരുന്നു ഷിബില താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ യാസിറിനെതിരെ പരാതിയുമായി എത്തിയത്. പ്രശ്നം പരിഹരിക്കാൻ പൊലീസ് സഹായിച്ചില്ല. പൊലീസിൽ പരാതി നൽകിയപ്പോൾ സ്റ്റേഷനിലേക്ക് രണ്ട് കുടുംബങ്ങളെയും വിളിപ്പിക്കുകയായിരുന്നു. പിന്നീട് യാതൊരു നടപടിയും പൊലീസ് എടുത്തില്ലെന്നും കുടുംബം ആരോപിച്ചു.
അതേസമയം, സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള നിഷ്ക്രിയത്വമാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഭർത്താവിന്റെ വീട്ടിലുള്ള ഷിബിലയുടെ മകളുടെ വസ്ത്രങ്ങൾ പോലും വാങ്ങി നൽകാൻ പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഷിബിലയെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭര്‍ത്താവ് പുതുപ്പാടി തറോല്‍മറ്റത്തുവീട്ടില്‍ യാസര്‍ (26) കുത്തിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുൽ റഹീമിനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പാര്‍ക്കിങ്ങില്‍ വച്ചാണ് പൊലീസ് പിടികൂടിയത്.
പ്രണയിച്ച് വിവാഹംകഴിച്ചിരുന്ന ഷിബിലയും യാസിറും കുടുംബവഴക്കിനെത്തുടര്‍ന്ന് ഒരുമാസമായി അകന്നുകഴിയുകയായിരുന്നു. കൈയില്‍ക്കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് യാസിര്‍ കുത്തിയത്. മൂവരെയും ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഷിബിലയുടെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതിക്കായി അന്വേഷണസംഘം ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ശേഷം സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.