KeralaTop News

ഷാബാ ഷരീഫ് വധക്കേസ്; മൂന്ന് പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി, മുഖ്യപ്രതിക്ക് 11 വർഷവും 9 മാസവും തടവുശിക്ഷ

Spread the love

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11വർഷവും 9 മാസവും, രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

മൂന്നുപേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തിരുന്ന 12 പേരെ കോടതി വെറുതെ വിട്ടു.

ഏറെ വിവാദം സൃഷ്ടിച്ച കൊലപാതക കേസിൽ ഒരു വർഷത്തോളമാണ് വിചാരണ നീണ്ടു നിന്നത്. മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലായിരുന്നു. ഒറ്റമൂലി രഹസ്യം അറിയാൻ വേണ്ടി ഷാബാ ഷെരീഫിനെ ഒന്നാംപ്രതി മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫ് തട്ടിക്കൊണ്ടു വരികയും പിന്നീട് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറിൽ ഒഴുക്കി എന്നുമാണ് കേസ്. കേസിൽ 15 പ്രതികളാണ് ഉണ്ടായിരുന്നത്. ഷാബാ ഷെരീഫിനെ ഒരു വർഷത്തോളം തടവിൽ പാർപ്പിച്ച ശേഷമായിരുന്നു കൊലപാതകം.