KeralaTop News

വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിറ്റ യുവാവ് പിടിയില്‍

Spread the love

മലപ്പുറം: വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിൽപന നടത്തിയ യുവാവിനെ പോത്തുകല്‍ പൊലീസും ഡാന്‍സാഫ് സംഘവും പിടികൂടി. വേങ്ങര വലിയോറ സ്വദേശി നെണ്ടുകണ്ണി ഇബ്രാഹിമി (39) നെയാണ് പോത്തുകല്‍ എസ്ഐ മോഹന്‍ദാസ് കാരാടും സംഘവും അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിച്ചിരുന്ന പൂക്കോട്ടുമണ്ണയിലെ വാടകവീട്ടില്‍ നിന്ന് 50000 രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ പിടിച്ചെുത്തു. നിലമ്പൂര്‍ ഡിവൈ.എസ്പി സാജു. കെ. ഏബ്രഹാമിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സി.എന്‍. സുകുമാരന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്തോടെയാണ് പ്രതി വാടകക്ക് താമസിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയത്.

നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാന്‍സ്, കൂള്‍ തുടങ്ങിയവയുടെ വന്‍ ശേഖരമാണ് ഇവിടെ നിന്ന് പിടികൂടിയത്. ആവശ്യക്കാര്‍ക്ക് കാറിലും സ്‌കൂട്ടറിലും ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുകയാണ് ഇയാളുടെ പതിവ്. നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിൽപ്പന നടത്തിയതിന് പ്രതിക്കെതിരേ നിലവില്‍ വേറെയും കേസുണ്ട്. പൂക്കോട്ടുമണ്ണ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനു സമീപത്താണ് പ്രതി വാടകക്ക് താമസിക്കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആതിര, കെ.എസ്. രാജേന്ദ്രന്‍, ഡാന്‍സാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.