NationalTop News

ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് നോട്ട് കെട്ടുകൾ കണ്ടെത്തിയ സംഭവം; സുപ്രീം കോടതിയുടെ തുടര്‍നടപടി ഇന്ന്

Spread the love

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് അനധികൃതമായി നോട്ട് കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ കൊളീജിയം നടപടി ഇന്ന് ഉണ്ടാകും. സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.

തെളിവുകളും വിവരങ്ങളും പരിശോധിച്ച ശേഷമാണ് ആഭ്യന്തര അന്വേഷണ നടപടിക്രമം അനുസരിച്ചുള്ള റിപ്പോർട്ട്. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ പേര് 2018-ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലും പരാമർശിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. സുപ്രീംകോടതി കൊളീജിയം റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ എടുക്കും.

യശ്വന്ത് വർമ്മയെ വിളിച്ചു വരുത്തിയേക്കുമെന്നും രാജിവെക്കാൻ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പണം കണ്ടെത്തിയതും യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതും തമ്മിൽ ബന്ധമില്ലെന്നാണ് സുപ്രീംകോടതി പ്രസ്ഥാവനയിൽ അറിയിച്ചിരുന്നത്.പണം കണ്ടെത്തിയ വിവരം പുറത്ത് വന്ന ശേഷം ജസ്റ്റിസ് യശ്വന്ത് വർമ്മ ഇന്നലെ കോടതിയിൽ എത്തിയിരുന്നില്ല.

അതേസമയം, ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ പേര് 2018-ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലും മുൻപ് പരാമർശിച്ചിരുന്നു. സിംഭൊലി ഷുഗേഴ്സ് എന്ന സ്ഥാപനത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് വർമ്മയുടെ പേര് പരാമർശിച്ചിരിക്കുന്നത്. അലഹബാദ് ഹൈക്കോടതി ജഡ്‌ജിയാകുന്നതിന് മുമ്പ് സിംഭൊലി ഷുഗേഴ്സിന്റെ നോൺ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്നു യശ്വന്ത് വർമ്മ.