കൈയ്യിലുണ്ടായത് കളിത്തോക്കെന്ന് തെറ്റിദ്ധരിച്ചു; മലപ്പുറം പാണ്ടിക്കാട് പൂരത്തിനിടെ വെടിവെപ്പുണ്ടായത് പ്രകോപനം ഇല്ലാതെ
മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പുണ്ടായത് പ്രകോപനം ഇല്ലാതെയായിരുന്നുവെന്ന് അക്രമത്തിന് ഇരയായവർ. സംഘത്തിലെ 2 പേരുടെ കൈവശം തോക്കും കമ്പിവടികളും ഉണ്ടായിരുന്നു. കളിത്തോക്കാണെന്നാണ് ആദ്യം കരുതിയത് എന്നാൽ വെടി ഉതിർത്തതോടെ എല്ലാവരും പരിഭ്രാന്തരായെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
ഗുണ്ടാസംഘമാണ് സംഭവത്തിന് പിന്നിൽ. ആറ് പേർ കമ്പി വടിയുമായാണ് എത്തിയിരുന്നത്. ലുക്മാന്റെ കഴുത്തിലാണ് വെടിയേറ്റത്. പെപ്പർ സ്പ്രേ അടിച്ച ശേഷം അക്രമിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ കൂട്ടിച്ചേർത്തു.
അതേസമയം, വെടിയേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസിയുവിൽ കഴിയുകയാണ്. സംഘർഷത്തിൽ ലുക്മാന്റെ സുഹൃത്തുക്കൾക്കും പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തിൽ പ്രാദേശികമായി ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായിരുന്നു. കൊടമശ്ശേരിയും ചെമ്പ്രശ്ശേരി ഈസ്റ്റും തമ്മിലായിരുന്നു സംഘർഷം. ഇതിന്റെ തുടർച്ചയാണ് പുതിയ സംഭവം. സംഘർഷത്തിൽ പാണ്ടിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.