കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥി റാഗിംഗിന് ഇരയായ സംഭവം; സ്കൂളിനും പഞ്ചായത്തിനും വീഴ്ചയെന്ന് CWC
കോഴിക്കോട് പേരോട് പ്ലസ് വൺ വിദ്യാർത്ഥി റാഗിംഗിന് ഇരയായ സംഭവത്തിൽ സ്കൂളിനും പഞ്ചായത്തിനും വീഴ്ചയെന്ന് സി ഡബ്ല്യൂ സി. നിരന്തരം മർദനം ഉണ്ടായിട്ടും പേരോട് എംഐഎം സ്കൂൾ അധികൃതരും പഞ്ചായത്ത് തല ചൈൽഡ് വെൽഫെയർ പ്രൊട്ടഷൻ കമ്മറ്റിയും സി ഡബ്ല്യൂ സിയെ അറിയിച്ചില്ല. സംഭവത്തിൽ കോഴിക്കോട് ചൈൽഡ് പ്രൊട്ടഷൻ ഓഫിസറോടും നാദാപുരം പൊലീസിനോടും സി ഡബ്ല്യൂ സി റിപ്പോർട്ട് തേടി. ക്രൂര മർദനം വെളിപ്പെടുത്തിയതോടെയാണ് നടപടി.
മൂന്ന് മാസത്തിലൊരിക്കൽ പഞ്ചായത്ത് തല ചൈൽഡ് വെൽഫെയർ പ്രൊട്ടഷൻ കമ്മറ്റി യോഗം ചേരണമെന്നാണ് നിർദേശം. എന്നാൽ വിദ്യാർത്ഥി മർദനത്തിന് ഇരയായ സ്കൂൾ ഉൾപ്പെടുന്ന തൂണേരി പഞ്ചായത്ത് യോഗം ചേർന്നത് കഴിഞ്ഞ വർഷം ജൂണിലും ഡിസംബറിലും. ഇതും തട്ടിക്കൂട്ടായിരുന്നുവെന്നാണ് സി ഡബ്ല്യൂ സി കണ്ടെത്തൽ. പ്ലസ് വൺ വിദ്യാർത്ഥി നിരന്തരം മർദനത്തിന് ഇരയായിട്ടും എംഐഎം സ്കൂൾ പ്രിൻസിപ്പലോ ഹെഡ്മാസ്റ്ററോ സി ഡബ്ല്യൂ സി യെ അറിയിക്കാതെ വിവരം മറച്ചുവെച്ചു.
സ്കൂളുകളുടെ സൽപേരിന് കളങ്കമുണ്ടാകുമെന്ന ഭയത്താൽ പി ടി എ കമ്മറ്റികൾ ഇടപ്പെട്ട് വിദ്യർത്ഥി സംഘർഷങ്ങൾ അറിയിക്കാതെ മറിച്ചുവെക്കുന്നതായും സി ഡബ്ല്യൂ സി പറയുന്നു. കോഴിക്കോട് ജില്ലാ ചൈൽഡ് പ്രൊട്ടഷൻ ഓഫിസറിന്റെയും നാദാപുരം പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികളായ വിദ്യാർത്ഥികളെ ആവശ്യമെങ്കിൽ ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റും. ഇന്നലെ മർദനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥി സീനിയർ വിദ്യാർത്ഥികളുടെ ക്രൂരത തുറന്ന് വെളിപ്പെടുത്തിരുന്നു.