KeralaTop News

കെ ഇ ഇസ്മയില്‍ CPI നേതൃത്വത്തിന്റെ മുഖ്യ എതിരാളി; പുറത്താക്കാന്‍ നേരത്തെ നീക്കം നടന്നു

Spread the love

”പാര്‍ട്ടിയെ തകര്‍ക്കുന്നത് ചില ജൂനീയര്‍ നേതാക്കളാണ്. അവര്‍ക്ക് അനുഭവജ്ഞാനം കുറവാണ്. ചില താല്പര്യങ്ങളാണ് ഇവരെ നയിക്കുന്നത്. ഇത് കമ്യൂണിസ്റ്റ് രീതിയല്ല. ഞാന്‍ പാര്‍ട്ടിവിടില്ല, പാര്‍ട്ടി സംസ്ഥാന കൗണ്‍സിലാണ് അച്ചടക്കനടപടിയെടുക്കാന്‍ തീരുമാനിച്ചത്, അത് അംഗീകരിക്കുകയാണ് കമ്യൂണിസ്റ്റുരീതി. അതിനാല്‍ പ്രത്യേകിച്ചൊരു പ്രതികരണവും ഈ വിഷയത്തില്‍ ഉണ്ടാവില്ല…”

അച്ചടക്കനടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ ഇ ഇസ്മയില്‍.

അച്ചടക്കനടപടി പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമോ ? ബാധിക്കുമെന്നുതന്നെയാണ് നേതാക്കള്‍ വിലയിരുത്തുന്നത്. മുതിര്‍ന്ന നേതാവായ കെ ഇ ഇസ്മയിലിനെതിരെ കൈക്കൊണ്ടിരിക്കുന്ന അച്ചടക്ക നടപടിയില്‍ സിപിഐയിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന കെ ഇ ഇസ്മയിലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നാണ് മറ്റൊരുവിഭാഗം നേതാക്കളുടെ പ്രതികരണം.

കെ ഇ ഇസ്മയില്‍ നിലവില്‍ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ ക്ഷണിതാവുമാത്രമാണ്. ദേശീയ സമിതി അംഗം സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളിലൊക്കെ ദീര്‍ഘകാലം പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള നീക്കം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്. അച്ചടക്കനടപടി നേരത്തെ പ്രതീക്ഷിച്ചതാണെന്നാണ് കെ ഇ ഇസ്മയിലിന്റെ പ്രതികരണത്തില്‍ വ്യക്തമാവുന്നത്. ഔദ്യോഗിക വിഭാഗവുമായി നേരത്തെ തന്നെ നല്ല ബന്ധത്തിലായിരുന്നില്ല കെ ഇ ഇസ്മയില്‍. കാനം രാജേന്ദ്രനുമായുണ്ടായിരുന്ന അഭിപ്രായ ഭിന്നതയാണ് കെ ഇ ഇസ്മയിലിനെതിരെയുള്ള നീക്കങ്ങള്‍ക്ക് കാരണം.

കോട്ടയം സമ്മേളനത്തിന് പിന്നാലെയാണ് കെ ഇ ഇസ്മയിലിനെ പ്രായപരിധിയെന്ന ന്യായം നിരത്തി മേല്‍ക്കമ്മിറ്റികളില്‍ നിന്നും മാറ്റി നിര്‍ത്തിയത്. നിലവില്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവുമാത്രമാണ്.

സി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റിക്കെതിരെ ഉണ്ടായ വിമത നീക്കവും സേവ് സി പി ഐ ഫോറത്തിന്റെ രൂപീകരണവും കെ ഇ ഇസ്മയിലിന്റെ അനുഗ്രഹാശിസുകളോടെയാണെന്നായിരുന്നു ചില നേതാക്കളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് സി പി ഐയില്‍ രൂക്ഷമായ അഭിപ്രായഭിന്നതകള്‍ രൂപപ്പെടുകയും ഇസ്മയിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. ആറ് മാസം മുന്‍പാണ് ഇത്തരമൊരു ആവശ്യം സംസ്ഥാന കൗണ്‍സിലിന്റെ മുന്നില്‍ എത്തിയത്. പാലക്കാട്ടെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനും ജില്ലയിലെ നേതൃത്വവുമായി സഹകരിച്ചുപോവാനും ഇസ്മയിലിനോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

പാലക്കാട്ടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് കെ ഇ ഇസ്മയില്‍ വഹിച്ചിട്ടുള്ളത്. അതിനാല്‍ ഇസ്മയിലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചാല്‍ അത് തിരിച്ചടിയാവുമെന്ന് സംസ്ഥാന കൗണ്‍സിലും ഭയന്നിരുന്നു. പാര്‍ട്ടി വേദികളില്‍ സജീവമല്ലെങ്കിലും നേതൃത്വുമായി ചേര്‍ന്നുപോവാന്‍ ഇസ്മയിലും ശ്രദ്ധിച്ചിരുന്നു.

എന്നാല്‍ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി രാജുവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ വീണ്ടും കെ ഇ ഇസ്മയില്‍ നേതൃത്വത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇതോടെയാണ് ഇസ്മയിലിനെതിരെയുള്ള ശത്രുക്കളെല്ലാം ഒരുമിച്ച് നീക്കം തുടങ്ങിയത്. രാജുവിന്റെ മരണത്തിന് നേതാക്കളുടെ അവഗണനയും കാരണമായെന്നായിരുന്നു ഇസ്മയില്‍ അഭിപ്രായപ്പെട്ടത്. ഇതേ വിഷയം പി രാജുവിന്റെ കുടുംബവും ആരോപിച്ചു. ഇതേ തുടര്‍ന്ന് പാര്‍ട്ടി ആസ്ഥാനത്തെ പൊതുദര്‍ശനം ഒഴിവാക്കേണ്ടിവന്നു. ഇതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. എറണാകുളം ജില്ലാ കൗണ്‍സിലിന്റെ പരാതിയിലാണ് സംസ്ഥാന കൗണ്‍സില്‍ നടപടി സ്വീകരിച്ചത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു ചില നേതാക്കളുടെ ആവശ്യം.

കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന വേളയിലാണ് കെ ഇ ഇസ്മയില്‍ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത പ്രകടിപ്പിക്കുന്നത്. കോട്ടയത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇസ്മയില്‍ തീരുമാനിച്ചിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയും ഇസ്മയിലിനുണ്ടായിരുന്നു. എന്നാല്‍ കാനം വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങിയതോടെ മത്സരത്തിന് കളമൊരുങ്ങി. സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പ്രഗല്‍ഭനേതാക്കള്‍ മത്സരിച്ചാല്‍ അത് പാര്‍ട്ടിയെ ക്ഷീണിപ്പിക്കുമെന്നും മത്സരിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നുമുള്ള നേതൃത്വത്തിന്റെ നിര്‍ദേശം പിന്നീട് ഇസ്മയില്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നായിരുന്നു ഇസ്മയില്‍ പക്ഷം കരുതിയിരുന്നത്. എന്നാല്‍ കാനം പക്ഷ നേതാക്കള്‍ ഇസ്മയില്‍ പക്ഷക്കാരെ ഒതുക്കാന്‍ തീരുമാനിച്ചു. ചില നേതാക്കള്‍ക്കുനേരെ സാമ്പത്തിക ആരോപണവും മറ്റും കൊണ്ടുവന്ന് നേതൃത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തി. ചിലരെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും തരം താഴ്ത്തി. പ്രായപരിധി പറഞ്ഞ് കെ ഇ ഇസ്മയിലിനെ ഉന്നത നേതൃത്വത്തില്‍ നിന്നും ഒഴിവാക്കി. ഇസ്മയിലിനൊപ്പം നിന്നവരെ തിരഞ്ഞുപിടിച്ച് നടപടികള്‍ക്ക് വിധേയരാക്കി. ഇക്കൂട്ടത്തിലാണ് മുന്‍ എം എല്‍ എയും എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജുവിനെതിരേയും നടപടിയുണ്ടായത്. സാമ്പത്തിക ക്രമക്കേട് ആരോപിച്ചായിരുന്നു രാജുവിനെ പാര്‍ട്ടി തരംതാഴ്ത്തിയത്.

ഇതോടെ കാനം പക്ഷം പാര്‍ട്ടിയില്‍ ശക്തരായി. കാനത്തിന്റെ ആകസ്മികമായ മരണത്തോടെ സെക്രട്ടറി പദവിയില്‍ ബിനോയ് വിശ്വം എത്തി. കാനത്തിന്റെ ആഗ്രഹം നടപ്പാക്കുന്നതില്‍ ഇസ്മയില്‍ പക്ഷം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഒസ്യത്തായി സെക്രട്ടറി പദം എന്ന ആശയത്തെ ഞാന്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്നാണ് കെ ഇ ഇസ്മയില്‍ വ്യക്തനമാക്കിയത്. അസി.സെക്രട്ടറിയായിരുന്ന പ്രകാശ് ബാബുവിനെ സെക്രട്ടറിയാക്കണമെന്നായിരുന്നു സി പി ഐയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ അതുണ്ടായില്ല. സി ദിവാകരനെപ്പോലുള്ള നേതാക്കള്‍ ബിനോയ് വിശ്വം നേതൃത്വത്തിലേക്ക് വരുന്നതിന് എതിരായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ഇരുവിഭാഗങ്ങല്‍ തമ്മിലുള്ള വടം വലിക്കിടയില്‍ ബിനോയ് വിശ്വം സെക്രട്ടറിയായി പ്രഖ്യാപിക്കപ്പെട്ടു. ബിനോയ് വിശ്വം ഒഴിഞ്ഞ രാജ്യസഭാസീറ്റിലേക്ക് സുനീറിനെ പരിഗണിച്ചതിലും ശക്തമായ വിയോജിപ്പുയര്‍ന്നിരുന്നു. ഇതും കാനത്തിന്റെ ആഗ്രമായി പ്രചരിപ്പിച്ചു. ഇത് കമ്യൂണിസ്റ്റ് രീതിയല്ലെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം.

പാര്‍ട്ടിയെ ഒരുകാലത്തും പ്രതിസന്ധിയിലാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, ജീവിതാന്ത്യംവരെ താന്‍ കമ്യൂണിസ്റ്റുകാരനായിരിക്കുമെന്നുമാണ് കെ ഇ ഇസ്മയിലിന്റെ പ്രതികരണം. എണ്‍പത്തിയഞ്ച് വയസായി, പ്രത്യേകിച്ച് എന്തെങ്കിലും രാഷ്ട്രീയ മോഹം തനിക്കില്ലെന്നും, നേരത്തെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇസ്മയില്‍ 24 ഡോട്‌കോമിനോട് വ്യക്തമാക്കി. ചില നേതാക്കളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ കാരണം, പലര്‍ക്കും അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിച്ചില്ല, ഇതൊക്കെ പോരായ്മകളാണ്. പാര്‍ട്ടിയില്‍ നിരവധി പേര്‍ തഴയപ്പെട്ടിട്ടുണ്ട്. അച്ചുതമേനോന്‍, പി കെ വി, വെളിയം ഭാര്‍ഗവന്‍, എന്‍ ഇ ബാലറാം തുടങ്ങിയ പ്രഗല്‍ഭരായവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കൊന്നും വ്യക്തിപരമായ താല്പര്യങ്ങള്‍ ഉണ്ടായിരുന്നില്ല. കമ്യുണിസ്റ്റ് താല്പര്യങ്ങള്‍ മാത്രമേ ഈ നേതാക്കള്‍ക്ക് ഉണ്ടായിരുന്നുള്ളൂ, ആരേയും അവര്‍ പിന്‍ഗാമിയായി പ്രഖ്യാപിച്ചിട്ടുമില്ല. ഇതൊന്നും കമ്യൂണിസ്റ്റ് രീതിയുമല്ലെന്നായിരുന്നു കെ ഇ ഇസ്മയിലിന്റെ നേരത്തെയുള്ള പ്രതികരണം. കെ ഇ ഇസ്മയിലിന്റെ പരസ്യ പ്രതികരണത്തില്‍ നേരത്തെ തന്നെ സി പി ഐ നേതൃത്വത്തിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു.

ബിനോയ് വിശ്വത്തിനെതിരെ കടുത്ത നിലപാടുള്ള ഇസ്മയിലിന്റെ തുടര്‍ന്നുള്ള രാഷ്ട്രീയ പ്രതികരണങ്ങള്‍ എന്താവുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. വരും ദിവസങ്ങളില്‍ ഇസ്മയില്‍ പ്രതികരിക്കാനുള്ള സാധ്യതയും നേതാക്കള്‍ തള്ളുന്നില്ല.

ഗ്രൂപ്പിസവും തൊഴുത്തില്‍ കുത്തും സി പി ഐയെ തകര്‍ക്കുകയാണോ ? സത്യസന്ധതയും ഉന്നതമായ വ്യക്തിത്വവുമായിരുന്നു ഒരു കാലത്ത് സി പി ഐയുടെ നേതാക്കള്‍ക്കുണ്ടായിരുന്ന സ്വീകാര്യത. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ജനകീയ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും എന്നും നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കിടയില്‍പോലും സി പി ഐ നേതാക്കള്‍ളുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്പിച്ചിരുന്ന കാലം അന്യമാവുകയാണ്.

കാലം എല്ലാ രാഷ്ട്രീയപാര്‍ട്ടിയിലും ഉണ്ടാക്കിയമാറ്റം സി പി ഐയേയും ബാധിച്ചു എന്നു വ്യക്തം. സി പി ഐ നേതാക്കളില്‍ പലരുടേയും സ്വീകാര്യതയ്ക്ക് കോട്ടം തട്ടി. പാര്‍ട്ടി അംഗസംഖ്യയില്‍ സി പി എമ്മിനോട് കിടപിടിക്കാന്‍ പറ്റുന്നത്രയും ശക്തി സി പി ഐക്കുണ്ടായിരുന്നില്ല, എന്നാല്‍ നേതാക്കള്‍ ശക്തരായിരുന്നു. നേതാക്കള്‍ മിക്കവരും ആദര്‍ശത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരായിരുന്നു. ഭരണത്തില്‍ പങ്കാളിയായിരിക്കുമ്പോഴും സര്‍ക്കാര്‍ തെറ്റായ തീരുമാനങ്ങള്‍ സ്വീകരിച്ചാല്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും തെറ്റുകള്‍ തിരുത്തിക്കാനുമൊക്കെ കഴിയുമായിരുന്നു. സി പി എം നേതൃത്വം നല്‍കുന്ന എല്‍ ഡി എഫിനുള്ളിലും തിരുത്തല്‍ ശക്തിയായിരുന്നു സി പി ഐ. എന്നാല്‍ നിലവില്‍ അത്തരമൊരു ശക്തി സി പി ഐക്കില്ല. സി പി ഐക്കിപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ പഴയ സ്വീകാര്യതയുമില്ല. പാര്‍ട്ടി നേതൃത്വത്തിലിരിക്കുന്നവര്‍ക്കുള്ള സ്വീകാര്യതയും കുറഞ്ഞു.

സി പി ഐയില്‍ കുറച്ചുകാലമായി എല്ലാ സീമകളേയും ലംഘിച്ചുകൊണ്ടുള്ള ഗ്രൂപ്പിസമാണ് അരങ്ങുതകര്‍ക്കുന്നത്. കാനം പക്ഷവും ഇസ്മയില്‍ പക്ഷവുമെന്ന രണ്ടുപക്ഷം പാര്‍ട്ടിയില്‍ കഴിഞ്ഞ കുറച്ചുകാലമായി സജീവമാണ്. കാനം പക്ഷം പാര്‍ട്ടിയില്‍ ശക്തിയാര്‍ജിച്ചു. കെ ഇ ഇസ്മയില്‍ പക്ഷത്തിന് പാര്‍ട്ടിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. ഇതോടെ അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുചാടാന്‍ തുടങ്ങി. നേതാക്കള്‍ രണ്ടുതട്ടിലായി. മുതിര്‍ന്ന നേതാവായ കെ ഇ ഇസ്മയിലിനെ ആറുമാസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതോടെ സംസ്ഥാന നേതാക്കള്‍ക്കിടയിലെ അകല്‍ച്ച വര്‍ധിക്കുകയാണ്. സമ്മേളന കാലത്തുണ്ടായ അച്ചടക്കനടപടിയില്‍ ചില നേതാക്കള്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.